മുസ്‍ലിം വിരുദ്ധത; ഷാര്‍ലി ഹെബ്ദോ വീണ്ടും വിവാദത്തില്‍
വിവാദ കാര്‍ട്ടൂണുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി ഹെബ്ദോ വീണ്ടും വിവാദത്തില്‍
വിവാദ കാര്‍ട്ടൂണുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി ഹെബ്ദോ വീണ്ടും വിവാദത്തില്‍. മുസ്‌ലിം സമൂഹത്തെ കളിയാക്കുന്ന കാര്‍ട്ടൂണുമായി മാസികയുടെ പുതിയ ലക്കം പുറത്തിറങ്ങി. മുസ്‌ലിം യുവാവിനെയും യുവതിയെയും നഗ്നരായി ചിത്രീകരിച്ച കാര്‍ട്ടൂണാണ് മാസിക പ്രസിദ്ധീകരിച്ചത്.
ഈ മാസം പത്തിനിറങ്ങിയ ഷാര്‍ലി ഹെബ്ദോയിലാണ് വിവാദമായ പുതിയ കാര്‍ട്ടൂണ്‍. കാന്‍സില്‍ ബീച്ചുകളില്‍ ബുര്‍ഖയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ കളിയാക്കിയാണ് മാസിക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. താടി നീട്ടി വളർത്തിയ പുരുഷനും ഹിജാബ് ധരിച്ച സ്ത്രീയും നഗ്‌നരായി ബീച്ചിലേക്ക് ഓടുന്നതാണ് കാർട്ടൂണിൽ. ഇസ്‌ലാമിലെ നിയമങ്ങളില്‍ അയവുവരുത്തുക, ഇസ്‌ലാമിനെ പരിഷ്‌കരിക്കുക എന്ന അടിക്കുറിപ്പുമുണ്ട്. ഈ പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെ മാസികയിലെ ജീവനക്കാര്‍ക്ക് നേരെ ഭീഷണിയും ഉയര്‍ന്നു. ഔദ്യോഗിക ഫേസ്‍ബുക്ക് പേജിലാണ് ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഓഫീസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.
കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന ഫ്രാന്‍സിലെ ഫ്രഞ്ച് റിവിയേറ റിസോര്‍ട്ടിലെ ബീച്ചുകളില്‍ ബുര്‍ഖ ധരിച്ച് പ്രവേശിക്കുന്നത് മേയര്‍ ഡേവിഡ് ലിസ്‌നാര്‍ഡി വിലക്കിയിരിക്കുന്നു. നേരത്തെ മുഹമ്മദ് നബിയെ അധിക്ഷേപിച്ചും ഷാർലി ഹെബ്ദോ കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ മാസികയുടെ ഓഫീസിന് നേരെ ആക്രമണവും ഉണ്ടായി. പലായനത്തിനിടെ മുങ്ങിമരിച്ച അയ്‌ലൻ കുർദ്ദിയെന്ന ബാലനെ കളിയാക്കിയും ഹെബ്ദോ കാർട്ടൂൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്.