ഇംപീച്ച്മെന്റ് തനിക്കെതിരായ അനീതിയെന്ന് ദില്‍മ റൂസഫ്
ഇംപീച്ച്മെന്‍റ് നടപടിയുടെ ഭാഗമായി ബ്രസീല്‍ സെനറ്റിന് മുമ്പാകെ മൊഴി നല്‍കുകയായിരുന്നു ദില്‍മ.
ഭരണഘടനക്കെതിരായ ആക്രമണമാണ് തനിക്കെതിരായുള്ള ഇംപീച്ച്മെന്റ് നടപടിക്രമങ്ങളെന്ന് മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫ്. ഇംപീച്ച്മെന്‍റ് നടപടിയുടെ ഭാഗമായി ബ്രസീല്‍ സെനറ്റിന് മുമ്പാകെ മൊഴി നല്‍കുകയായിരുന്നു ദില്‍മ. രാജ്യപുരോഗതക്കായി മാത്രമേ പ്രവര്‍ത്തിച്ചിട്ടൂള്ളൂവെന്നും ദില്‍മ മൊഴിനല്‍കി.
തന്റെ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടുണ്ടാകാമെന്ന് സമ്മതിച്ച ദില്‍മ റൂസഫ് പക്ഷേ അത് എങ്ങനെയാണ് ഇംപീച്ച്മെന്റിന് കാരണമാകുമെന്ന് ചോദിച്ചു. ഇംപീച്ച്മെന്‍റിനുള്ള കാരണങ്ങള്‍ ഭരണഘടന കൃത്യമായി വിവരിക്കുന്നുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റാണ് താന്‍. തന്നെ അട്ടിമറിക്കാനുള്ള ശ്രമം തന്നെയാണ് ഇംപീമെച്ച്മെന്‍റിലൂടെ നടന്നതെന്ന് ദില്‍മ സെനറ്റിന് മുമ്പിലും ആവര്‍ത്തിച്ചു. ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടിയാലോചനകള്‍ നടത്തിയിട്ടില്ല എന്നും ദില്‍മ സെനറ്റിന് മുമ്പില്‍ സമ്മതിച്ചു.
ബ്രസീലിലെ സാമ്പത്തിക ശക്തികളും ജനാധിപത്യത്തെ എതിര്‍ക്കുന്നവരം ചേര്‍ന്നാണ് തന്നെ ഇംപീച്ച്മെന്‍റ് ചെയ്തതെന്നും ദില്‍മ ആരോപിച്ചു. അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണ് 2014ല്‍ അധികാരമേറ്റ ദില്‍മ റൂസഫിനെതിരെ സെനറ്റ് ഇംപീച്ച്മെന്‍റ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. സെനറ്റിന്‍റെ തെളിവെടുപ്പിന് ശേഷം ദില്‍മ റൂസഫിന്റെ ഇംപീച്ച്മെന്‍റില്‍ വോട്ടെടുപ്പ് നടക്കും. ആയിരക്കണക്കിന് അനുയായികളാണ് ദില്‍മ റൂസഫ് സെനറ്റിന് മൊഴി നല്‍കാനെത്തിയപ്പോള്‍ പിന്തുണയുമായെത്തിയത്.