കോംഗോയില്‍ തെരഞ്ഞെടുപ്പ് 2018 ലേക്ക് നീട്ടി
കാലാവധി അവസാനിക്കുന്ന പ്രസിഡന്റ് ജോസഫ് കബിലയക്ക് അധികാരത്തില്‍ തുടരാനുള്ള കുറുക്കുവഴിയാണ് സര്‍ക്കാര്‍ നടപടിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം
കോംഗോയില്‍ അടുത്തമാസം നടക്കേണ്ട പൊതു തെരഞ്ഞെടുപ്പ് 2018 ഏപ്രിലിലേക്ക് നീട്ടി. കാലാവധി അവസാനിക്കുന്ന പ്രസിഡന്റ് ജോസഫ് കബിലയക്ക് അധികാരത്തില്‍ തുടരാനുള്ള കുറുക്കുവഴിയാണ് സര്‍ക്കാര്‍ നടപടിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യ പ്രതിപക്ഷം വിട്ടുനിന്ന സര്‍വകക്ഷി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടുന്നതിന് തീരുമാനമായത്.
തുടര്‍ച്ചയായ രണ്ട് തവണ കോംഗോയുടെ പ്രസിഡന്റായ ജോസഫ് കബിലയുടെ കാലാവധി ഡിസംബറില്‍ അവസാനിക്കും. മൂന്നാമത് തവണ പ്രസിഡന്റ് ആകുന്നതിന് ഭരണഘടനാപരമായ തടസ്സമുണ്ട്. ഈ അവസരത്തിലാണ് അടുത്തമാസം നടക്കേണ്ട തെരഞ്ഞെടുപ്പ് നീട്ടുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ നിന്നും മുഖ്യ പ്രതിപക്ഷം വിട്ടുനിന്നു. രാജ്യത്തെ നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് അസാധ്യമാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതടക്കമുള്ള നടപടികള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തതും സര്‍ക്കാരിന് സഹായമായി. എന്നാല്‍ തെരഞ്ഞെടുപ്പ് നീട്ടുന്നതിനായുള്ള നടപടിക്രമങ്ങളില്‍ സുതാര്യതയില്ലെന്നും കൈക്കൊണ്ട തീരുമാനം ന്യായമല്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കാലാവധി അവസാനിച്ച ശേഷം ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തില്‍ തുടരുന്നതിനുളള ജോസഫ് കബിലയുടെ നീക്കം അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.