ഇസ്രയേലിന്റെ പിറവി, ഫലസ്തീന്റെ കണ്ണീര്‍; ബാള്‍ഫര്‍ പ്രഖ്യാപനത്തിന് 99 വയസ്
1917 നവംബര്‍ രണ്ടിനാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ജെയിംസ് ബാള്‍ഫര്‍ ജൂത രാഷ്ട്രനിര്‍മിതിക്കനുകൂലമായി കത്തെഴുതുന്നത്.
ഫലസ്തീനില്‍ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കാന്‍ വാഗ്ദാനം ചെയ്ത ബാള്‍ഫര്‍ പ്രഖ്യാപനത്തിന് 99 വയസ് തികയുന്നു. 1917 നവംബര്‍ രണ്ടിനാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ജെയിംസ് ബാള്‍ഫര്‍ ജൂത രാഷ്ട്രനിര്‍മിതിക്കനുകൂലമായി കത്തെഴുതുന്നത്. ഫലസ്തീന്‍ ഭൂമി കയ്യേറി ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കാന്‍ കാരണമായ ഈ കത്താണ് പിന്നീട് ബാള്‍ഫര്‍ പ്രഖ്യാപനം എന്നറിയപ്പെട്ടത്.
ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിന് നൂറു വര്‍ഷം തികയാനിരിക്കെഅധിനിവേശത്തിന് കാരണക്കാരായ ബ്രിട്ടന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ക്യാന്പയിന്‍ നടത്തുകയാണ് ബ്രിട്ടനിലെ വിവിധ മനുഷ്യാവകാശ സംഘടനകള്‍. ഫലസ്തീന്‍ ഭൂമിയില്‍ ജൂതരാഷ്ട്രമുണ്ടാക്കാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ച് 1917ല്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാള്‍ഫറാണ് സയണിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ തലവനായ ലോര്‍ഡ് റോള്‍സ്ചൈല്‍ഡിന് കത്തെഴുതുന്നത്.
'ജൂത ജനവിഭാഗത്തിന് ഒരു രാഷ്ട്രമുണ്ടാക്കാനുള്ള ആശയത്തെ ബ്രിട്ടീഷ് ഭരണകൂടം അനുകൂലിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തും' എന്നിങ്ങനെയായിരുന്നു കത്തിലെ വരികള്‍. അധികം വൈകാതെ തുര്‍ക്കിയില്‍ ഖിലാഫത്ത് തകരുകയും ഫലസ്തീന്‍ ബ്രിട്ടന്റെ അധീനതയിലാവുകയും ചെയ്തു. തുടര്‍ന്നാണ് ഫലസ്തീനികള്‍ക്ക് തീരാ ദുരിതം സമ്മാനിച്ച് അവരുടെ മണ്ണില്‍ ഇസ്രയേല്‍ രാഷ്ട്രത്തെ കുടിയിരുത്തിയത്. തുടര്‍ന്നിങ്ങോട്ട് ചരിത്രത്തിലുടനീളം അതിര്‍ത്തികള്‍ വികസിപ്പിച്ചും ഫലസ്തീന്‍, സിറിയ, ലബനാന്‍ തുടങ്ങിയ ഭൂ പ്രദേശങ്ങള്‍ കയ്യേറിയും അനധികൃത കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപകമാക്കിയും മേഖലയില്‍ അശാന്തി വിതച്ചു കൊണ്ടേയിരിക്കുകയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായ ഈ രാഷ്ട്രം.
ബാള്‍ഫര്‍ പ്രഖ്യാപനത്തിന് നൂറുവര്‍ഷം തികയാനിരിക്കെ ബ്രിട്ടന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഒപ്പു ശേഖരണം നടത്തുകയാണ്. ഒരു ലക്ഷമാളുകള്‍ ഒപ്പുവെച്ചാല്‍ ആവശ്യം പരിഗണിക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് നിര്‍ബന്ധിതരാവും.