സിറിയയിലെ കുര്‍ദുകള്‍ക്ക് ആയുധങ്ങള്‍ നല്‍കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ തുര്‍ക്കി
അതേസമയം ഐ എസിനെതിരെ തങ്ങളെടുത്ത നിലപാടുമായി മുന്നോട്ടുപോകുമെന്നും തുര്‍ക്കിയുടെ ആശങ്ക പരിഗണിക്കുമെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ് വിശദീകരിച്ചു
അമേരിക്കന്‍ നീക്കം പ്രകോപനപരമാണെന്നും ഐ എസിനെ നേരിടാനെന്ന പേരില്‍ കുര്‍ദ് തീവ്രവാദികളെ ആയുധമണിയിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. അതേസമയം ഐ എസിനെതിരെ തങ്ങളെടുത്ത നിലപാടുമായി മുന്നോട്ടുപോകുമെന്നും തുര്‍ക്കിയുടെ ആശങ്ക പരിഗണിക്കുമെന്നും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ് വിശദീകരിച്ചു.
അമേരിക്കന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കെയാണ് സിറിയ വിഷയത്തില് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍. സിറിയയിലെ റഖ മേഖലയില്‍ ഐ എസിനെതിരായ പോരാട്ടങ്ങള്‍ക്കെന്ന പേരില്‍ കുര്‍ദുകള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനും മെഷീന്‍ ഗണ്ണുകള്‍, വെടിക്കോപ്പുകള്‍, ബുള്‍ഡോസറുകള്‍ അടക്കമുള്ള യുദ്ധോപകരണങ്ങള്‍ ലഭ്യമാക്കാനുമാണ് തീരുമാനം. അതേസമയം സിറിയയിലെ കുര്‍ദുകളെ തീവ്രവാദികളായും കലാപകാരികളുമായാണ് തുര്‍ക്കി കാണുന്നത്. തുര്‍ക്കിയില്‍ നിരോധിക്കപ്പെട്ട കുര്‍ദ് തീവ്രവാദ സംഘടന പികെകെയുമായി അടുത്ത ബന്ധമുള്ള വരാണ് ഇവരെന്നും ഇവരെ ആയുധമണിയിക്കാനുള്ള ഏതു നീക്കവും തുര്‍ക്കിക്കെതിരായ നീക്കമായി കണക്കാക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
കുര്‍ദുകള്‍ക്ക് സഹായം നല്‍കുന്നതില്‍ തുര്‍ക്കിയുടെ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴും തീരുമാനവുമായി മുന്നോട്ടുപോകാനാണ് അമേരിക്കയുടെ തീരുമാനം. ഐഎസിന്റെ പതനമാണ് യുഎസ് ലക്ഷ്യമിടുന്നതെന്നും അതിന് ആവശ്യമായ എല്ലാ കാര്യങ്ങളും സ്വീകരിക്കുമെന്നും പറഞ്ഞ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ് തുര്‍ക്കിയുടെ ആശങ്കയുഎസ് പരിഗണിക്കുമെന്നും വിശദീകരിച്ചു