ഹെയ്‍ത്തികള്‍ക്ക് നല്‍കിയിരുന്ന താത്ക്കാലിക സംരക്ഷണം അമേരിക്ക പിന്‍വലിച്ചു

Update: 2018-06-02 10:30 GMT
Editor : Jaisy
ഹെയ്‍ത്തികള്‍ക്ക് നല്‍കിയിരുന്ന താത്ക്കാലിക സംരക്ഷണം അമേരിക്ക പിന്‍വലിച്ചു
Advertising

അമേരിക്കയിലുള്ളവരോട് ഹെയ്ത്തിയിലേക്ക് തിരികെ പോകാന്‍ ട്രംപ് ഭരണകൂടം നിര്‍ദേശം നല്‍കി

ഹെയ്ത്തികള്‍ക്ക് നല്‍കിയിരുന്ന താത്ക്കാലിക സംരക്ഷണം അമേരിക്ക പിന്‍വലിച്ചു. അമേരിക്കയിലുള്ളവരോട് ഹെയ്ത്തിയിലേക്ക് തിരികെ പോകാന്‍ ട്രംപ് ഭരണകൂടം നിര്‍ദേശം നല്‍കി. ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ആശങ്കയോടെയാണ് ഹെയ്ത്തികള്‍ നോക്കിക്കാണുന്നത്.

ഹെയ്ത്തിയെ തകര്‍ത്ത ഭൂകന്പമുണ്ടായത് 2010ലാണ്. ഭൂകന്പത്തില്‍ 316000 പേര്‍ കൊല്ലപ്പെട്ടു. 15 ലക്ഷത്തിലധികം ആളുകള്‍ക്ക് വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. 60000ത്തോളം ആളുകളാണ് അമേരിക്കയില്‍ അഭയം തേടിയത്. ഇവര്‍ക്ക് താത്ക്കാലിക സംരക്ഷണ പദവി ട്രംപ് ഭരണകൂടം നല്‍കിയിരുന്നു. ഈ പദവിയാണ് ഇപ്പോള്‍ പിന്‍വലിച്ചത്. 18 മാസത്തെ സമയപരിധിയാണ് ഹെയ്ത്തികള്‍ക്ക് ഭരണകൂടം നല്‍കയിരിക്കുന്നത്. അതിന് ശേഷം മടങ്ങുകയോ താമസം നിയമവിധേയമാക്കാനുള്ള നടപടിയോ സ്വീകരിക്കണം. 2019 ജൂലൈയോടെ ഹെയ്ത്തികള്‍ക്കുള്ള സംരക്ഷണം പൂര്‍ണമായും അവസാനിപ്പിക്കും. ഇനിയും ഹെയ്ത്തികള്‍ക്ക് സംരക്ഷണം നല്‍കേണ്ട അടിയന്തര സാഹചര്യമില്ലെന്നാണ് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്ട്ട്മെന്റ് ഇറക്കിയ മെമ്മോയില്‍ പറയുന്നത്. ഉത്തരവ് പുറത്തിറങ്ങിയതോടെ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് ഹെയ്ത്തികള്‍. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഏറ്റവും ദരിദ്ര രാജ്യമാണ് ഹെയ്ത്തി. രാഷ്ട്രീയമായും സുരക്ഷയുടെ കാര്യത്തിലും ഇതുവരെ സ്ഥിരത കൈവരിക്കാന്‍ കഴിയാത്ത ഹെയ്ത്തിക്ക് ഇത്രയധികം ആളുകളെ തിരികെ സ്വീകരിക്കാന്‍ കഴിയുന്ന അവസ്ഥയല്ലയുള്ളത്. ഈവര്‍ഷം ആദ്യം യുഎന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് 25 ലക്ഷം ഹെയ്ത്തികള്‍ ഇപ്പോഴും മാനുഷിക പരിഗണന അര്‍ഹിക്കുന്നുവെന്നാണ്. 2016ലുണ്ടായ മാത്യു കൊടുങ്കാറ്റും ഹെയ്തിയെ കൂടുതല്‍ ദുര്‍ബലമാക്കിയിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News