സിറിയയില്‍ 24 മണിക്കൂറിനിടെ 150 ലേറെ വ്യോമാക്രമണങ്ങള്‍
ആക്രമണത്തില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിറിയ വിമതര്‍ക്കെതിരെ ആക്രമണം വീണ്ടുമാരംഭിച്ചത്.
സിറിയയില്‍ സര്‍ക്കാര്‍ സൈന്യം 24 മണിക്കൂറിനുള്ളില്‍ നൂറ്റിയമ്പതിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിറിയ വിമതര്‍ക്കെതിരെ ആക്രമണം വീണ്ടുമാരംഭിച്ചത്.
സിറിയയില്‍ താല്‍ക്കാലിക യുദ്ധവിരാമം പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ സൈന്യം വിമതര്‍ക്കെതിരെ ആക്രമണം ശക്തമാക്കിയത്. വിമതരുടെ നിയന്ത്രണത്തിലുള്ള അലെപ്പോയിലും അയല്‍പ്രദേശങ്ങളിലുമാണ് ആക്രമണം നടന്നത്. 24 മണിക്കൂറില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ നൂറ്റിയമ്പതോളം വ്യോമാക്രമണങ്ങളിലായി 90 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ സിവിലിയന്‍സിനെ സഹായിക്കുന്ന സന്നദ്ധസംഘത്തിന്റെ മൂന്ന് കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. വൈറ്റ് ഹെല്‍മെറ്റ് എന്ന പേരില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ ഓഫീസുകളും വാഹനങ്ങളുമാണ് ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടത്. തങ്ങളുടെ ഓഫീസ് ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതാണെന്ന് വൈറ്റ് ഹെല്‍മെറ്റ് പ്രതിനിധികള്‍ പ്രതികരിച്ചു. റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച രാത്രി ആക്രമണം പുനരാരംഭിക്കുകയായിരുന്നു. അമേരിക്കയും റഷ്യയും ചേര്‍ന്ന് താല്‍ക്കാലിക യുദ്ധവിരാമം പ്രഖ്യാപിച്ചിരുന്നെങ്കിലും സിറിയ ഇതില്‍ നിന്നും പിന്മാറിയത് മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.