ഓര്‍മയായത് വൈദ്യശാസ്ത്രത്തെപ്പോലും വിസ്മയപ്പെടുത്തിയ അത്ഭുതമനുഷ്യന്‍
രണ്ട് വര്‍ഷം ആയുസ്സെന്ന് വിധിയെഴുതിയ വൈദ്യശാസ്ത്രത്തിന് മുന്നില്‍ ഒട്ടും കൂസലില്ലാതെയാണ് അഞ്ച് പതിറ്റാണ്ടിലധികം അദ്ദേഹം ജീവിച്ചത്.
വൈദ്യശാസ്ത്രത്തിന് മുന്നില്‍ എന്നും ഒരു ചോദ്യചിഹ്നമായിരുന്നു സ്റ്റീഫന്‍ വില്യം ഹോക്കിങ്സ് എന്ന അത്ഭുത മനുഷ്യന്‍. രണ്ട് വര്‍ഷം ആയുസ്സെന്ന് വിധിയെഴുതിയ വൈദ്യശാസ്ത്രത്തിന് മുന്നില്‍ ഒട്ടും കൂസലില്ലാതെയാണ് അഞ്ച് പതിറ്റാണ്ടിലധികം അദ്ദേഹം ജീവിച്ചത്.
1642 ജനുവരി എട്ടിന് ജ്യോതിശാസ്ത്രജ്ഞന്‍ ഗലീലിയോ മരിച്ച് 300 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നിയോഗം പോലെയായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്സിന്റെ ജനനം. 1942 ജനുവരി എട്ടിന്. ഫ്രാങ്ക്-ഇസബെല്‍ ദമ്പതികളുടെ മകനായി ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡിലായിരുന്നു ജനനം. മകനെ ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാല്‍ സ്റ്റീഫന് താല്‍പര്യം ഗണിതത്തിലും ഭൌതിക ശാസ്ത്രത്തിലും.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നായിരുന്നു ബിരുദം, ഫിസിക്സിലും നാച്ചുറല്‍ സയന്‍സിലും. പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പ്രപഞ്ചഘടനാ ശാസ്ത്രത്തില്‍ ഗവേഷണം ആരംഭിച്ചു. ഈ കാലയളവിലാണ് സ്റ്റീഫന് രോഗലക്ഷങ്ങള്‍ കണ്ടു തുടങ്ങുന്നത്. നടക്കുമ്പോള്‍ വീഴാന്‍ പോകുന്നു, സംസാരിക്കുമ്പോല്‍ നാവ് കുഴയുന്നു, കയ്യിലേയും കാലിലേയും മസിലുകള്‍ക്ക് കോച്ചിപ്പിടുത്തം എന്നിങ്ങനെ. വിദഗ്ധ പരിശോധനയില്‍ ഡോക്ടര്‍മാര്‍ അക്കാര്യം സ്ഥിരീകരിച്ചു. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന രോഗമാണ് സ്റ്റീഫന്. ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങളെയും മസിലുകളേയും തളര്‍ത്തുന്ന രോഗം. മറ്റൊരു കാര്യം കൂടി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇനി സ്റ്റീഫന്റെ ആയുസ്സ് ഏറിയാല്‍ രണ്ട് വര്‍ഷം മാത്രം.
എന്നാല്‍ തളരാത്ത മനസ്സുമായി സ്റ്റീഫന്‍ ഹോക്കിങ്സ് വിധിയോട് പൊരുതി. രോഗാവസ്ഥയില്‍ തന്നെ ഗവേഷണം പൂര്‍ത്തിയാക്കി. വികസിക്കുന്ന പ്രപഞ്ചം എന്ന പ്രബന്ധം ശാസ്ത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. വീല്‍ചെയറില്‍ ഘടിപ്പിച്ച കമ്പ്യൂട്ടര്‍വത്കൃത ഉപകരണം വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്.
അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രചാരണം നേടിയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഗ്രന്ഥം സ്റ്റീഫന്‍ ഹോക്കിങ്സിന്റേതാണ്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകത്തിനുള്ള ഗിന്നസ് റെക്കോഡും ഈ കൃതി സ്വന്തമാക്കിയിരുന്നു. 12 ഓണററി അവാര്‍ഡുകള്‍, ബ്രിട്ടീഷ് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ സിബിഇ (1981) അടക്കം നിരവധി ബഹുമതികളും സ്റ്റീഫനെ തേടിയെത്തി.