സിറിയയില്‍ ആക്രമണം നടത്തുമെന്ന സൂചന നല്‍കി ട്രംപ്

Update: 2018-06-03 08:07 GMT
Editor : Jaisy
സിറിയയില്‍ ആക്രമണം നടത്തുമെന്ന സൂചന നല്‍കി ട്രംപ്
Advertising

മിസൈലുകളെ നേരിടാന്‍ റഷ്യ തയ്യാറായിരിക്കണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു

സിറിയയില്‍ ആക്രമണം നടത്തുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മിസൈലുകളെ നേരിടാന്‍ റഷ്യ തയ്യാറായിരിക്കണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അത്തരം ആക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് റഷ്യ പ്രതികരിച്ചു. അതേസമയം ഇതിന് മുന്‍പ് സിറിയയിലെ അതക്രമങ്ങള്‍ക്കെതിരെ നിലപാടെടുത്ത അമേരിക്കയെ പിന്തുണക്കാത്തതില്‍ ജര്‍മനി ഖേദം പ്രകടിപ്പിച്ചു.

കഴിഞ്ഞ ശനിയാഴ്ച സിറിയയിലെ ദൂമയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ രാസായുധ ആക്രമണത്തിന് ശേഷം കടുത്ത പ്രതിഷേധമാണ് ലോകരാജ്യങ്ങളില്‍ നിന്നും ഉണ്ടായത്. വിവിധരാജ്യങ്ങള്‍ അസദ് സര്‍ക്കാരിന്റേയും സഖ്യകക്ഷികളായ റഷ്യന്‍ നടപടികളെയും അപലപിച്ച് രംഗത്തെത്തി. രാസായുധാക്രമണം നടത്തിയ സിറിയന്‍ സര്‍ക്കാരിന് അതേനാണയത്തില്‍ തന്നെ തിരിച്ചടി നല്‍കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സിറിയയില്‍ ആക്രമണം നടത്തുമെന്ന് വ്യക്തമാക്കുന്ന പുതിയ പ്രതികരണം ട്രംപ് നടത്തിയിരിക്കുന്നത്.

"സിറിയയിലേക്ക് ഞങ്ങള്‍ തൊടുത്തുവിടുന്ന എല്ലാ മിസൈലുകളെയും നേരിടാന്‍ റഷ്യ തയ്യാറായിരിക്കണം. സ്വന്തം ജനതയെ രാസായുധാക്രമം നടത്തി കൊല്ലുന്ന മൃഗങ്ങള്‍ക്ക് നിങ്ങള്‍ കൂട്ടുനില്‍ക്കാന്‍ പാടില്ല. ഇതുവരെ ഇല്ലാത്ത വിധം റഷ്യ-അമേരിക്ക ബന്ധം മോശമായിരിക്കുന്നു. അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ല. എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനാല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം." എന്നാണ് ട്രംപിന്റെ ട്വീറ്റ്. ദൂമയില്‍ രാസായുധ ആക്രമണം നടന്നതിന് യാതൊരു തെളിവുകളും ഇല്ലെന്ന് റഷ്യ ആവര്‍ത്തിച്ചു. അമേരിക്ക തങ്ങള്‍ക്കെതിരെ നടത്തുന്ന ഏത് ആക്രമണങ്ങളെയും ശക്തമായി നേരിടുമെന്ന് റഷ്യ പ്രതികരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News