സൈബര്‍ ആക്രമണങ്ങള്‍ക്ക് അമേരിക്കയെ കുറ്റപ്പെടുത്തി റഷ്യ
നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാമ്പയിനിംഗിനിടെയാണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന സൈബര്‍ ആക്രമണം നടന്നത്
അമേരിക്കയിലെ രാഷ്ട്രീയ സംഘടനകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയതിന് പിന്നില്‍ റഷ്യയാണെന്ന് അമേരിക്ക. ഇതാദ്യമായാണ് സൈബര്‍ ആക്രമണം സംബന്ധിച്ച അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം വരുന്നത്.
നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാമ്പയിനിംഗിനിടെയാണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന സൈബര്‍ ആക്രമണം നടന്നത്. ഭരണത്തിലിരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടേതുള്‍പ്പെടെ രാജ്യത്തെ രാഷ്ട്രീയ സംഘടനകളുടെ ഇമെയിലുകള്‍ ഇതില്‍ ഹാക്ക് ചെയ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് അമേരിക്ക ഔദ്യോഗികമായി ആരോപിച്ചത്. അത്യന്തം ഗൌരവമേറിയ ഈ സംഭവത്തിന് പിന്നില്‍ റഷ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണെന്ന് സ്ഥിരീകരിച്ചതായി അമേരിക്കയിലെ ആഭ്യന്തര സുരക്ഷാവിഭാഗവും ദേശീയ ഇന്‍റലിജന്‍സും സംയുക്തമായി പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയില്‍ പറയുന്നു. ഹാക്ക് ചെയ്ത ഇ മെയിലുകള്‍ വിക്കിലീക്സിലും മറ്റ് വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇടപെടണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു സൈബര്‍ ആക്രമണമെന്നും പ്രസ്താവന കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങള്‍ റഷ്യ ആദ്യമായല്ല ചെയ്യുന്നത്. യൂറോപ്പിലും യൂറേഷ്യയിലും തങ്ങളെകുറിച്ച പൊതുജനാഭിപ്രായം ഉയര്‍ത്താന്‍ ഇത്പോലെയുള്ള തന്ത്രങ്ങള്‍ റഷ്യ മുമ്പും പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ സര്‍ക്കാറിനെ സംഭവത്തില്‍ നേരിട്ട് കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ അമേരിക്ക ചൂണ്ടിക്കാട്ടി.