കാളപ്പോരിനെതിരെ കൊളംബിയയില്‍ പ്രതിഷേധം ശക്തം
ഇന്ത്യയില്‍ ഇത് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെങ്കില്‍ കൊളംബിയയില്‍ നേരെ തിരിച്ചാണ്
തലസ്ഥാനമായ ബൊഗോട്ടയില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാളപ്പോര് വീണ്ടും കൊളംബിയയില്‍ സജീവമാകുന്നത്.
ഇന്ത്യയിലും കൊളംബിയയിലും കാളപ്പോര് തന്നെയാണ് ഇപ്പോള്‍ പ്രധാന പ്രശ്നം. ഇന്ത്യയില്‍ ഇത് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമെങ്കില്‍ കൊളംബിയയില്‍ നേരെ തിരിച്ചാണ്. മൃഗസംരക്ഷണത്തിനായി വാദിക്കുന്നവരടക്കം ആയിരക്കണക്കിനാളുകള്‍ കാളപ്പോര് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ഇത് തടയാന്‍പൊലീസും നിലയുറപ്പിച്ചതോടെ പ്രശ്നം സങ്കീര്‍ണമായി.
ബൊഗോട്ടയില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി പേര്‍ അറസ്റ്റിലായി പലര്‍ക്കും പരിക്കേറ്റു. മൃഗങ്ങളോടുള്ള ക്രുരതയാണ് ഈ വിനോദമെന്നും ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ജീവനഹാനി വരെ സംഭവിക്കുന്നുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
2012ല്‍ ബൊഗോട്ടന്‍ മേയര്‍ കാളപ്പോര് നിരോധിച്ചിരുന്നു. എന്നാല്‍ കൊളംബിയയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഭരണഘടനാ കോടതി ഈ നിരോധം റദ്ദാക്കുകയായിരുന്നു. സ്പെയിനാണ് കാളപ്പോരിന്റെ ജന്മദേശം