വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ യുഎന്‍
ഇസ്രായേലിന്റെ ഏകപക്ഷീയമായ തീരുമാനം സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് യുഎന്‍ അറിയിച്ചു.
ഇസ്രായേല്‍ അധിനിവേശ പ്രദേശമായ വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്റെ പുതിയ കുടിയേറ്റത്തെ എതിര്‍ത്ത് ഐക്യരാഷ്ട്ര സഭ. ഇസ്രായേലിന്റെ ഏകപക്ഷീയമായ തീരുമാനം സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് യുഎന്‍ അറിയിച്ചു.
2,500 പുതിയ കുടിയേറ്റങ്ങള്‍ക്കായിരുന്നു ഇസ്രായേല്‍ അംഗീകാരം നല്‍കിയത്. നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നവയ്ക്ക് സമീപമായാണ് പുതിയവയും നിര്‍മിക്കുക. കിഴക്കന്‍ ജറൂസലേമില്‍ 500 കുടിയേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിയതിന് പിന്നാലെയായിരുന്നു പുതിയ തീരുമാനം. ഇസ്രായേലിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും ഇത് യുഎന്നിന്റെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നും യുഎന്‍ സെക്രട്ടറി ജനറലിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
കിഴക്കന്‍ ജറുസലേമില്‍ ഉള്‍പ്പെടെ ഇസ്രായേലിന്റെ അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസ്സാക്കിയിരുന്നു. ഇത് അവഗണിച്ചാണ് ഇസ്രായേല്‍ നടപടി. ഇസ്രായേലിന്റെ തീരുമാനത്തിനെതിരെ ഫലസ്തീന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്കില്‍ കുടിയേറ്റം വ്യാപിപ്പിക്കുന്നത്. 1967 ലെ യുദ്ധത്തിന് ശേഷമാണ് ജെറൂസലേമിലും വെസ്റ്റ്ബാങ്കിലും ഇസ്രായേല്‍ സ്വാധീനം ശക്തമായത്.