ട്രംപിന്റെ അഭിഭാഷകന് നേരെ കൈക്കൂലി ആരോപണം
ഉക്രെയിന്‍ പ്രധാനമന്ത്രിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കാനായി 4 ലക്ഷം ഡോളര്‍ കൈപ്പറ്റിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അഭിഭാഷകന് നേരെ കൈക്കൂലി ആരോപണം. ഉക്രെയിന്‍ പ്രധാനമന്ത്രിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കാനായി 4 ലക്ഷം ഡോളര്‍ കൈപ്പറ്റിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ ആരോപണം ട്രംപിന്റെ അഭിഭാഷകന്‍ മിക്കായേല്‍ കോഹന്‍ നിഷേധിച്ചു.
ഉക്രെയിന്‍ നേതാവ് പെട്രോ പൊറോഷെന്‍കോയില്‍ നിന്ന് ഇടനിലക്കാരന്‍ വഴി പണം കൈപ്പറ്റി എന്നാണ് ട്രംപിന്റെ അഭിഭാഷകന്‍ മിക്കായേല്‍ കോഹനു നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. പക്ഷേ അമേരിക്കന്‍ നിയമ പ്രകാരമുള്ള ഉക്രെയിന്റെ പ്രതിനിധിയായി കോഹനെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതാണ് ആരോപണം രൂക്ഷമാക്കുന്നത്. എന്നാല്‍ ആരോപണം കോഹന്‍ നിഷേധിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഉക്രെയിന്‍ പ്രധാനമന്ത്രിയും ട്രംപും വൈറ്റ് ഹൌസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. ഇതിനായാണ് കോഹന്‍ 4 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയത്. രഹസ്യമായ വഴിയിലൂടെയാണ് ഇടനിലക്കാരനായ പൊറോഷെന്‍കോ പണം കൈമാറിയത്. അതിനായി പോര്‍ട്ട് വാഷിങ്ടണിലെ ചബാദ് എന്ന ചാരിറ്റിയുടെ മറവിലൂടെയാണ് പണം കടത്തിയത്.
ആരോപണത്തെ കുറിച്ച് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ വാങ്ങിയത് 6 ലക്ഷം ഡോളറാണെന്ന് മറ്റൊരു വിവരം കൂടിയുണ്ട്. പണം കൈമാറാന്‍ ട്രംപിന്റെ ബിസിനസ് പങ്കാളിയായ ഫെലിക്സ് സാറ്റെര്‍ സഹായിച്ചെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഫെലിക്സ് സാറ്റെറുടെ അഭിഭാഷകന്‍ ഇക്കാര്യം നിഷേധിച്ചു.