സിറിയയില്‍ സഹായം എത്തിക്കാനാകാതെ യുഎന്‍
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സിറിയയിലെ ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ല
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സിറിയയിലെ ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ല. അക്രമങ്ങള്‍ അവസാനിക്കാത്തത് കാരണം സഹായവുമായെത്തിയ ദൌത്യ സംഘത്തിന്റെ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ കാത്തുകിടക്കുകയാണ്. സഹായം എത്തിക്കുന്നതില്‍ വൈകാന്‍ കാരണം സിറിയന്‍ സര്‍ക്കാരാണെന്ന് ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തി.
സിറിയന്‍ നഗരമായ അലെപ്പോയിലേക്കുള്ള സഹായ ദൌത്യസംഘത്തിന്റെ 2 വാഹന വ്യൂഹങ്ങളാണ് തുര്‍ക്കി അതിര്‍ത്തിയില്‍ കാത്തുകിടക്കുന്നത്. 20 ട്രക്കുകള്‍ വീതമുള്ള രണ്ട് ദൌത്യസംഘമാണ് വെടിനിറുത്തല്‍ പ്രഖ്യാപിച്ചിട്ടും അക്രമങ്ങള്‍ അവസാനിക്കാത്തത് കാരണം അതിര്‍ത്തിയില്‍ കിടക്കുന്നത്. രാജ്യത്തേക്ക് അനുമതി നിഷേധിച്ച സിറിയന്‍ സര്‍ക്കാരിനെ യുഎന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. സിറിയയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ സഹായവസ്തുക്കള്‍ അലെപ്പോയില്‍ വിതരണം ചെയ്യുകയുള്ളൂവെന്നും യുഎന്‍ വ്യക്തമാക്കി. അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ ധാരണയെത്തുടര്‍ന്ന് വെടിനിറുത്തല്‍ പ്രഖ്യാപിച്ചെങ്കിലും സിറിയയിലെ പലയിടങ്ങളിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് സഹായ സംഘത്തിന് മേഖലയിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമായത്. സിറിയയുമായോ യുഎന്നുമായോ ഏകോപനം നടത്താതെ തുര്‍ക്കിയില്‍ നിന്നുള്ള സഹായസംഘത്തിന് സിറിയയിലേക്ക് പ്രവേശനമനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി പ്രതികരിച്ചിരുന്നു. 5 വര്‍ഷമായി സിറിയയില്‍ നടക്കുന്ന യുദ്ധത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും കോടിയിലധികം പേര്‍ സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് യുഎന്നിന്‍റെ കണക്കുകള്‍.