സൌത്ത് സുഡാനില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതിനും സൈന്യത്തിന് അനുമതി നല്കിയതായി റിപ്പോര്‍ട്ട്
സൈനികര്‍ക്ക് ശമ്പളത്തോടൊപ്പം സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ഉപയോഗിക്കുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സൌത്ത് സുഡാനില്‍ സൈന്യത്തിന് സ്ത്രീകളെ പീഡിപ്പിക്കുന്നതിനും അനുമതി നല്കിയതായി യുഎന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വികലാംഗരെയും മറ്റും ചുട്ടു കൊല്ലാനും അനുമതി നല്കിയെന്ന് റിപ്പോര്‍ട്ട്.
യുഎന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. സൈനികര്‍ക്ക് ശമ്പളത്തോടൊപ്പം സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികമായി ഉപയോഗിക്കുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഭ്യന്തര യുദ്ധകാലത്താണ് ഇത്തരത്തില്‍ കിരാത നടപടികള്‍ ഉണ്ടായത്. സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നതിന് പുറമെ വികലാംഗരായ ആളുകളെയും മറ്റും ജീവനോടെ ചുട്ട് കൊല്ലുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. പല പെണ്‍കുട്ടികളെയും രക്ഷിതാക്കളുടെ മുന്‍പില്‍ വെച്ച് പീഡിപ്പിക്കുന്ന സാഹചര്യം വരെയുണ്ടയെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് മാസത്തിനിടെ മാത്രം 1300 ലേറെ സ്ത്രീപീഡനങ്ങള്‍ സൌത്ത് സുഡാനില്‍ ഉണ്ടായിട്ടുണ്ട്. ഒന്നിലേറെ പട്ടാളക്കാര്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി രക്ഷിതാക്കള്‍ തങ്ങളോട് പറഞ്ഞതായി യുഎന്‍ സംഘത്തിലുണ്ടായിരുന്നയാള്‍ പറഞ്ഞു.
ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാന്‍ 2011ല്‍ വിഭജിക്കപ്പെട്ട് പുതുതായി രൂപീകരിക്കപ്പെട്ട രാഷ്ട്രമാണ് സൌത്ത് സുഡാന്‍. സുഡാനിലെ എണ്ണനിക്ഷേപത്തില്‍ അധികവും സൌത്ത് സുഡാനിലാണ്. അതുകൊണ്ടുതന്നെ സുഡാനെ വിഭജിക്കുന്നതിനായി അമേരിക്കയുള്‍പ്പെട്ട രാഷ്ട്രങ്ങളുടെ ഇടപെടലുണ്ടായെന്ന വിമര്‍ശം നേരത്തെ ഉയര്‍ന്നിരുന്നു.