ഉത്തര കൊറിയക്കെതിരെ അമേരിക്കയുടെ സൈനികനീക്കം

Update: 2018-06-05 14:48 GMT
ഉത്തര കൊറിയക്കെതിരെ അമേരിക്കയുടെ സൈനികനീക്കം
Advertising

വിമാന വാഹിനി കപ്പല്‍ അടക്കമുള്ളവ കൊറിയന്‍ തീരം ലക്ഷ്യമാക്കി പുറപ്പെട്ടു

രാജ്യാന്തര വിലക്കുകളെ വെല്ലുവിളിച്ച് ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയക്കെതിരെ ശക്തമായ നടപടിക്ക് അമേരിക്ക. വിമാന വാഹിനി കപ്പല്‍ അടക്കമുള്ളവ കൊറിയന്‍ തീരം ലക്ഷ്യമാക്കി പുറപ്പെട്ടു. ഇതോടെ ജാഗ്രതയിലാണ് ഉത്തര കൊറിയ.

വിമാനവാഹിനി കപ്പല്‍ അടക്കമുള്ള ആയുധങ്ങളുമായാണ് യുഎസ് നേവി പസഫിക് സമുദ്രത്തിലെ കൊറിയന്‍ ഉപദ്വീപില്‍ നങ്കൂരമിട്ടത്‍. അമേരിക്കയുടെ വിമാനവാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സനാണ് കൊറിയന്‍ ഉപദ്വീപില്‍ ആദ്യം എത്തിയത്. കഴിഞ്ഞ മാസം ദക്ഷിണ കൊറിയന്‍ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാള്‍ വിന്‍സണ്‍ പങ്കാളിയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയും ഉത്തരകൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈലിന്‍റെ പരീക്ഷണം നടത്തിയിരുന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ മിസൈല്‍ പരീക്ഷണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന്‍റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു മിസൈല്‍ പരീക്ഷണം. അമേരിക്കയെ ലക്ഷ്യംവെച്ചാണ് ഉത്തര കൊറിയ തുടര്‍ച്ചായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് യുഎസിന്‍റെ പടനീക്കം.

സൈനിക ശക്തി ബോധ്യപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് സൂചനകളുണ്ട്. വാര്‍ത്തക്ക് പിന്നാലെ ഉത്തര കൊറിയ തയാറെടുപ്പുകള്‍ നടത്തുന്നതായാണ് സൂചന. സിറിയക്ക് പിന്നാലെ ഉത്തര കൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുകയാണെന്ന ആശങ്കയിലാണ് ലോകം.

Tags:    

Similar News