ക്യൂബയില്‍ വിമാന ദുരന്തം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍
ഹവായില്‍ തകര്‍ന്ന് വീണത് 104 യാത്രക്കാരുമായി പുറപ്പെട്ട ബോയിങ്ങ് 737 ജെറ്റ് വിമാനം
ക്യൂബയില്‍ 104 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണു. ബോയിങ്ങ് 737 ജെറ്റ് വിമാനമാണ് ഹവാനയില്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ നൂറോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച ക്യൂബന്‍ സമയം ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം .ഹവാന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടന്‍ ബോയിങ്ങ് 737 എന്ന യാത്രാവിമാനം തകര്‍ന്നു വീഴുകയായിരുന്നു. 104 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം.
നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 3 പേര്‍ അപകടത്തില്‍ രക്ഷപ്പെട്ടെന്ന് ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രം ഗ്രാന്‍മ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. വിമാനത്തിലുണ്ടായിരുന്ന 7 പേര്‍ മെക്സിക്കോക്കാരാണെന്നും ക്യൂബ സ്ഥിരീകരിച്ചു. യാത്രക്കാരില്‍ അഞ്ച് കുട്ടികളുമുണ്ട്.
വിമാനത്താവളത്തിനടുത്തെ ഗ്രാമത്തിലെ ചതുപ്പ് നിലത്തിലേക്കാണ് വിമാനം പതിച്ചിരിക്കുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. യന്ത്രതകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് ക്യൂബ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. മെക്സിക്കന്‍ കമ്പനിയായ ഗ്ലോബല്‍ എയറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.