ട്രംപ്-ഉന്‍ ഉച്ചകോടി നാളെ; ഇരു നേതാക്കളും സിംഗപ്പൂരിലെത്തി
കൂടിക്കാഴ്ച സെന്‍റോസ് ഉപദ്വീപില്‍ ഇന്ത്യന്‍ സമയം രാവിലെ ആറരക്ക്: സിംഗപ്പൂരില്‍ കര്‍ശന സുരക്ഷ
ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് - ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കൂടിക്കാഴ്ച നാളെ. ഇന്ത്യന്‍ സമയം രാവിലെ ആറരക്ക് സെന്‍റോസ ഉപദ്വീപിലാണ് ഉച്ചകോടി. ഇരു നേതാക്കളും ഇന്നലെ സിംഗപ്പൂരിലെത്തി.
ചരിത്രമാകാന്‍ പോകുന്ന സമാധാന ചര്‍ച്ചകള്‍ക്കായി ആദ്യം സിംഗപ്പൂരിലെത്തിയത് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നാണ്. എയര്‍ ചൈന വിമാനത്തില്‍ ചാങ്കി വിമാനത്താവളത്തിലെത്തിയ കിം ജോങ് ഉനിനെ സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ സ്വീകരിച്ചു. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹ്സൈന്‍ ലൂങുമായി കിം ഉന്‍ കൂടിക്കാഴ്ച നടത്തി.
കിം ജോങിനെ കാണാന്‍ നിരത്തുകളില്‍ വലിയ ജനക്കൂട്ടമാണ് കാത്തുനിന്നത്. 2011ല്‍ അധികാരമേറ്റതിന് ശേഷം ഉന്‍ ഇത്രയും ദൂരം സഞ്ചരിക്കുന്നത് ഇതാദ്യയമാണ്. വലിയ സുരക്ഷയായിരുന്നു ഉന്നിന്‍റെ യാത്രക്ക് ഒരുക്കിയിരുന്നത്. വ്യോമപാതയില്‍ ചൈനീസ് സര്‍ക്കാറാണ് സുരക്ഷാകവചമൊരുക്കിയത്.
സിംഗപ്പൂര്‍ സമയം രാത്രി എട്ടരയോടെയാണ് ഡൊണാള്‍ഡ് ട്രംപ് എത്തിയത്. പായ ലേബര്‍ എയര്‍ബെയ്സില്‍ വിമാനമിറങ്ങിയ ട്രംപിനെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ എന്നിവരും ട്രംപിനെ അനുഗമിക്കുന്നുണ്ട്. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും.
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ ആറരക്ക് സിംഗപ്പൂരിലെ സെന്‍റോസ ദ്വീപിലാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചക്കായി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.