യമനില്‍ ഹുദൈദക്കായി ഏറ്റുമുട്ടല്‍; വിമാനത്താവളം മോചിപ്പിച്ചു
33 ഹൂതികളെ വധിച്ചു; ഹൂതികളുടെ തിരിച്ചടിയില്‍ ആറ് സൈനികരും കൊല്ലപ്പെട്ടു
യമനിലെ ഹുദൈദയില്‍ വിമാനത്താവളമുള്‍പ്പെടെ പ്രധാന ഭാഗങ്ങള്‍ യമനും സഖ്യസേനയും തിരിച്ചു പിടിച്ചു. ഹുദൈദ എയര്‍പോര്‍ട്ട് തിരിച്ചു പിടിക്കുന്നതിനിടെ 33 ഹൂതികളെ വധിച്ചിട്ടുണ്ട്. ഹൂതികളുടെ തിരിച്ചടിയില്‍ ആറ് സൈനികരും കൊല്ലപ്പെട്ടു.
ബുധനാഴ്ച തുടങ്ങിയ ഏറ്റുമുട്ടല്‍ നിര്‍ണായക ദിശയിലാണിപ്പോള്‍. ഹുദൈദയിലെ പ്രധാന തുറമുഖവും പരിസര ഗ്രാമങ്ങളും മോചിപ്പിച്ചു കഴിഞ്ഞു. തുറമുഖമടക്കമുള്ള സുപ്രധാന ഭാഗങ്ങള്‍ ഇപ്പോഴും ഹൂതികളുടെ കയ്യിലാണ്. രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യത മുന്നോട്ടു വെച്ചിരുന്നു യമനും സഖ്യ രാജ്യങ്ങളും യുഎന്നും. ഇത് തള്ളിയ ഹൂതികള്‍ ഹുദൈദ വിട്ടു നല്‍കാന്‍ തയ്യാറായില്ല. ഇതോടെ യുദ്ധത്തിലേക്ക് വഴിമാറിയ ഏറ്റുമുട്ടലില്‍ ഇതിനകം 33 ഹൂതികളും ആറ് സൈനികരും കൊല്ലപ്പെട്ടു.
ഹുദൈദ തുറമുഖത്തിനരികിലേക്കെത്തിയ സഖ്യ സേനാ പിന്തുണയുള്ള യമന്‍ സൈന്യം ഹൂതികളുമായി ഏറ്റുമുട്ടലിന് സജ്ജമായിക്കഴിഞ്ഞു. യുദ്ധമൊഴിവാക്കാനുള്ള സാധ്യത അടഞ്ഞതോടെ ഇരു പക്ഷത്തും ആള്‍നാശത്തിനുള്ള സാധ്യത കൂടുതലാണ്.