യമനിലെ ഹുദൈദ വിമാനത്താവള പരിസരം പൂര്‍ണ നിയന്ത്രണത്തിലായതായി സൈന്യം

കൊല്ലപ്പെട്ടവരുടെ എണ്ണം 200‌ കവിഞ്ഞു; അടുത്ത ലക്ഷ്യം സആദയെന്ന് സഖ്യസേന...

Update: 2018-06-20 03:33 GMT
Advertising

യമനിലെ ഹുദൈദയില്‍ വിമാനത്താവള പരിസരത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതായി സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥശ്രമം വിജയിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം വരെ ശക്തമായ ഏറ്റുമുട്ടലാണ് എയര്‍പോര്‍ട്ട് പരിസരത്തുണ്ടായത്. ഇന്ന് രാവിലെ വിമാനത്താവളത്തിനകത്തേക്ക് സഖ്യസേനാ പിന്തുണയോടെ യമന്‍ സൈന്യം ഇരച്ചു കയറി. വിമാനത്താവളത്തിനകത്ത് നിന്നും സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ ഏറ്റുമുട്ടല്‍ നിര്‍ണായക ദിശയിലാണിപ്പോള്‍. ഹുദൈദയിലെ പ്രധാന തുറമുഖവും പരിസര ഗ്രാമങ്ങളും മോചിപ്പിച്ചു കഴിഞ്ഞു. തുറമുഖമടക്കമുള്ള സുപ്രധാന ഭാഗങ്ങള്‍ ഇപ്പോഴും ഹൂതികളുടെ കയ്യിലാണ്. രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യത മുന്നോട്ടു വെച്ചിരുന്നു യമനും സഖ്യ രാജ്യങ്ങളും യുഎന്നും. ഇത് തള്ളിയ ഹൂതികള്‍ ഹുദൈദ വിട്ടു നല്‍കാന്‍ തയ്യാറായില്ല. ഇതോടെ യുദ്ധത്തിലേക്ക് വഴിമാറിയ ഏറ്റുമുട്ടലില്‍ ഇതിനകം ഇരുന്നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു.

ഹുദൈദക്ക് പിന്നാലെ ഹൂതി നിയന്ത്രിത മേഖലയായ സആദ ലക്ഷ്യം വെച്ച് നീക്കം തുടങ്ങിയതായി സൌദി സഖ്യസേന. രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായും സഖ്യസേന അറിയിച്ചു.

സൌദി സഖ്യസേനാ വക്താവ് കേണല്‍‌ തുര്‍ക്കി അല്‍ മാലികിയാണ് സഖ്യസേനാ മുന്നേറ്റം വിശദീകരിച്ചത്. നിലവില്‍ ഹുദൈയിലാണ് സൈന്യമുള്ളത്. ഇവര്‍ സആദ ഗവര്‍ണറേറ്റ് ലക്ഷ്യം വെച്ച് നീങ്ങുകയാണ്. ഹൂതി നിയന്ത്രണത്തിലുള്ള നഗരമാണ് സആദ. രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതായി സഖ്യസേന ആവര്‍ത്തിച്ചു. യമനിലേക്കുള്ള മാനുഷിക സഹായങ്ങള്‍ നിര്‍ബാധം തുടരും. സൌദിയെ ലക്ഷ്യം വെച്ച് ഹൂതികള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതായും സഖ്യസേന വിശദീകരിച്ചു.

Tags:    

Similar News