ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി
ഹോട്ടലുകളില്‍ നിന്ന് ആഹാരം വാങ്ങിയെന്ന് കാണിച്ച് ഒരു ലക്ഷം ഡോളര്‍ തട്ടിയെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഭാര്യ സാറാ നെതന്യാഹുവിനെതിരെയുള്ള കേസ്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഭാര്യക്കെതിരെ വഞ്ചനാകുറ്റം ചുമത്തി. പൊതുപണം ദുരുപയോഗം ചെയ്ത കേസിലാണ് സാറാ നെതന്യാഹുവിനെതിരെ നടപടി.
ഹോട്ടലുകളില്‍ നിന്ന് ആഹാരം വാങ്ങിയെന്ന് കാണിച്ച് ഒരു ലക്ഷം ഡോളര്‍ തട്ടിയെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഭാര്യ സാറാ നെതന്യാഹുവിനെതിരെയുള്ള കേസ്. വീട്ടില്‍ ജോലിക്കാരുണ്ടെങ്കില്‍ പുറത്ത് നിന്ന് ഭക്ഷണം വാങ്ങരുതെന്ന നിയമം ലംഘിച്ചാണ് പൊതുപണം ദുരുപയോഗം ചെയ്തിരിക്കുന്നത്.
തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയവയാണ് സാറക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാറയെ നേരത്തെ ഇസ്രയേല്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഓഫീസിന്‍റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്റാ സെഡോഫിനെതിരയും കേസെടുത്തിട്ടുണ്ട്. തട്ടിപ്പിന് എസ്റായും കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തി. എന്നാല്‍ സംഭവത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിട്ടില്ല. ചില അഴിമതിക്കേസുകളില്‍ നെതന്യാഹു അന്വേഷണം നേരിടുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഭാര്യക്കെതിരെയുള്ള കേസ്. ഇത് പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നെതന്യാഹുവിന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.