അമേരിക്കക്കെതിരെ പ്രതികാര നടപടിയുമായി യൂറോപ്യന്‍ യൂണിയന്‍
കഴിഞ്ഞ മാര്‍ച്ചിലാണ് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉല്‍പന്നങ്ങൾക്ക് 25 ശതമാനവും അലുമിനിയം ഉല്‍പന്നങ്ങൾക്ക് പത്ത് ശതമാനവും നികുതി ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
ഇറക്കുമതി നികുതി ഏര്‍പ്പെടുത്തിയതില്‍ അമേരിക്കക്കെതിരെ പ്രതികാര നടപടിയുമായി യൂറോപ്യന്‍ യൂണിയന്‍. അമേരിക്കന്‍ ഉല്‍പന്നങ്ങൾക്ക് യൂറോപ്യന്‍ യൂണിയനും നികുതി ഏര്‍പ്പെടുത്തി.
കഴിഞ്ഞ മാര്‍ച്ചിലാണ് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍ ഉല്‍പന്നങ്ങൾക്ക് 25 ശതമാനവും അലുമിനിയം ഉല്‍പന്നങ്ങൾക്ക് പത്ത് ശതമാനവും നികുതി ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയന്‍, കാനഡ, മെക്സിക്കോ, രാജ്യങ്ങളെ വലിയ രീതിയില്‍ ബാധിക്കുന്ന തീരുമാനത്തില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും ട്രംപ് പിന്നോട്ടുപോയില്ല. ജൂണ്‍ ഒന്നു മുതല്‍ നികുതി പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതിന് പ്രതികാരമായാണ് അമേരിക്കന്‍ ഉല്‍പന്നങ്ങൾക്ക് യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുന്നത്. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ജീന്‍ ക്ലൌഡ് ജങ്കര്‍ ആണ് നികുതി പ്രഖ്യാപനം നടത്തിയത്. റീ ബാലന്‍സ് ചെയ്യുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് ഐറിഷ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ നിന്നുള്ള പുകയില ഉല്‍പന്നങ്ങൾ, ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിൾ, ക്രാന്‍ബെറീസ്, പീനട്ട് ബട്ടര്‍ എന്നീ ഉല്‍പന്നങ്ങൾക്ക് 25 ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയത്. ചെരിപ്പുകൾ, ചില തുണിത്തരങ്ങൾ, വാഷിങ് മെഷീന്‍ എന്നിവക്ക് 50 ശതമാനമാണ് നികുതി. ഇപ്പോഴത്തെ ഈ നടപടി ചൈനയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാരയുദ്ധം കൂടുതര്‍ മൂര്‍ച്ഛിക്കാനേ കാരണമാകൂ.