ഖത്തര്‍ എയര്‍വേസ് വിമാനത്തിനുള്ളില്‍ ‘ഭിക്ഷാടനം’; സത്യാവസ്ഥ ഇതാണ്...
ഭിക്ഷാടകരെ പലയിടത്തും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ വിമാനത്തിനുള്ളില്‍ ഭിക്ഷാടനം നടത്താന്‍ കഴിയുമോ ? കഴിയില്ല എന്നായിരിക്കും മിക്കവരുടെയും മറുപടി. ടിക്കറ്റെടുക്കാതെ വിമാനത്തിനുള്ളില്‍ കയറാന്‍
ഭിക്ഷാടകരെ പലയിടത്തും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ വിമാനത്തിനുള്ളില്‍ ഭിക്ഷാടനം നടത്താന്‍ കഴിയുമോ ? കഴിയില്ല എന്നായിരിക്കും മിക്കവരുടെയും മറുപടി. ടിക്കറ്റെടുക്കാതെ വിമാനത്തിനുള്ളില്‍ കയറാന്‍ കഴിയില്ല എന്നത് തന്നെയാണ് ഈ ഉത്തരത്തിന് കാരണവും. ആയിരങ്ങള്‍ മുടക്കി വിമാന ടിക്കറ്റെടുത്ത് ആര്‍ക്കും ഭിക്ഷാടനം നടത്തേണ്ട കാര്യവുമില്ലല്ലോ. എന്നാല്‍ കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍വേസ് വിമാനത്തിനുള്ളില്‍ വിചിത്രമായ ചില സംഭവങ്ങള്‍ അരങ്ങേറി. മധ്യവയസ്കനായ ഒരു യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ ഭിക്ഷാടനം നടത്തുന്നതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.
സംഭവം ഇങ്ങനെ: ഖത്തര്‍ എയര്‍വേസിന്‍റെ ദോഹ - ഷിറാസ് വിമാനം. യാത്രക്കാരൊക്കെ വിമാനത്തിനുള്ളില്‍ കയറിക്കഴിഞ്ഞു. ജീവനക്കാര്‍ യാത്രക്കാര്‍ക്കുള്ള നിര്‍ദേശം നല്‍കുന്നു. ഇതിനിടെ സീറ്റില്‍ നിന്ന് എഴുന്നേറ്റ മധ്യവയസ്കനായ ഒരാള്‍ തന്‍റെ കയ്യില്‍ കരുതിയിരുന്ന ഒരു പ്ലാസ്റ്റിക് സഞ്ചി പുറത്തെടുത്ത് ഭിക്ഷ യാചിക്കാന്‍ തുടങ്ങി. സഹയാത്രക്കാരോട് തന്നെ സഹായിക്കണം എന്ന അപേക്ഷയുമായായിരുന്നു യാചന. ഇത് കണ്ട എയര്‍ഹോസ്റ്റസുമാര്‍ ഇയാളെ സീറ്റില്‍ കൊണ്ടുചെന്ന് ഇരുത്താന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനിടെ ഒരു യാത്രക്കാരന്‍ ഇയാള്‍ക്ക് പണവും നല്‍കി. ഇതോടെ രണ്ടു ജീവനക്കാര്‍ കൂടി എത്തി ഇദ്ദേഹത്തോട് സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ മറ്റൊരു യാത്രക്കാരന്‍ കൂടി എത്തി ഇയാള്‍ക്ക് പണം നല്‍കാന്‍.
ഒടുവില്‍ ജീവനക്കാര്‍ പണിപ്പെട്ടാണ് ഇയാളെ സീറ്റില്‍ ഇരുത്തിയത്. സീറ്റില്‍ ഇരുന്നും ഇയാള്‍ യാചന തുടര്‍ന്നു. ഇതിന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. വിമാനത്തിനുള്ളില്‍ യാചകന്‍ നുഴഞ്ഞുകയറിയതാണെന്ന് വരെ പ്രചാരണമുണ്ടായി. എന്നാല്‍ ഖത്തറില്‍ നിന്ന് ഇറാനിലെ ശിറാസിലേക്കുള്ള വിമാനത്തിനുള്ളില്‍ നടന്ന ഭിക്ഷാടനം സുരക്ഷാ ലംഘനമല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇറാനിയന്‍ സ്വദേശിയാണ് ഭിക്ഷാടനം നടത്തിയത്. നാടുകടത്തപ്പെട്ടയാളാണ് ഭിക്ഷാടകന്‍. നാടുകടത്തപ്പെട്ടപ്പോള്‍ സമ്പാദ്യങ്ങളൊന്നുമില്ലാതെയാണ് ഇയാളെ വിമാനത്തിനുള്ളില്‍ കയറ്റിയത്. അതുകൊണ്ടാണ് ഇദ്ദേഹം വിമാനത്തിനുള്ളിലെ യാചകനായതെന്ന് പാകിസ്താനി ബ്യൂറോക്രാറ്റ് ധന്യാല്‍ ഗിലാനി ട്വീറ്റ് ചെയ്തു. ഏകദേശം 55,000 രൂപയിലേറെയാണ് ദോഹ - ശിറാസ് വിമാന ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റെടുത്ത ശേഷമാണ് ഇദ്ദേഹം വിമാനത്തില്‍ കയറിയതെന്നും യാതൊരു സുരക്ഷാ വീഴ്ചയുമുണ്ടായിട്ടില്ലെന്നും ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.