കുടിയേറ്റക്കാരായ കുട്ടികളെ തടവില്‍ വയ്ക്കരുതെന്ന് അമേരിക്കയോട് യുഎന്‍
കുടിയേറ്റ വിഷയത്തില്‍ അമേരിക്കയുടെ നയങ്ങള്‍ മാറ്റണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു
കുടിയേറ്റക്കാരില്‍ ഉള്‍പ്പെടുന്ന കുട്ടികളെ പിടിച്ചുവയ്ക്കുന്നതിന് പകരം മറ്റു പ്രതിവിധികള്‍ കണ്ടെത്തണമെന്ന് അമേരിക്കയോട് യുഎന്‍ മനുഷ്യാവകാശ സംഘടന. കുടിയേറ്റ വിഷയത്തില്‍ അമേരിക്കയുടെ നയങ്ങള്‍ മാറ്റണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
കുടിയേറ്റക്കാരില്‍ ഉള്‍പ്പെടുന്ന കുട്ടികളെ കസ്റ്റഡിയില്‍ വയ്ക്കരുതെന്നാണ് യുഎന്‍ മനുഷ്യാവകാശ സംഘടന ട്രംപ് ഭരണകൂടത്തിന് നല്‍കുന്ന നിര്‍ദ്ദേശം. കുട്ടികള്‍ അവരുടെ രക്ഷിതാക്കളുടെ കൂടെയാണെങ്കില്‍ പോലും തടവില്‍ വയ്ക്കരുതെന്നാണ് നിര്‍ദ്ദേശം.
കുടിയേറ്റ വിഷയത്തില്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപിന്റെ അസഹിഷ്ണുത കാരണം വലിയ നിലവിളിയായിരുന്നു ഉയര്‍ന്നത്. അമേരിക്കയിലേക്ക് കടക്കുന്ന സമയത്ത് വേര്‍പിരിക്കപ്പെട്ട രക്ഷിതാക്കളെയും കുട്ടികളെയും വീണ്ടും ഒരുമിപ്പിക്കാനായിരുന്നു അമേരിക്കന്‍ തീരുമാനം. 2300 കുട്ടികളാണ് അവരുടെ രക്ഷിതാക്കളില്‍ നിന്ന് വേര്‍പിരിക്കപ്പെട്ടിരുന്നതെന്നാണ് അനൌദ്യോഗിക വിവരം. ഇവരെ ഉടന്‍ തന്നെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചേക്കും. എന്നാല്‍ രക്ഷിതാക്കളെവിടെയാണെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം സൈനിക ക്യാമ്പുകളില്‍ കഴിയുന്ന 20000ത്തോളം കുട്ടികള്‍ക്ക് താമസ സൌകര്യമൊരുക്കാന്‍ അമേരിക്കന്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്.