തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ പ്രസിഡന്റായി തുടരും

തുര്‍ക്കിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന് ഉജ്ജ്വല വിജയം

Update: 2018-06-25 02:27 GMT
Advertising

തുര്‍ക്കിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന് ഉജ്ജ്വല വിജയം. തുര്‍ക്കിയെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ശേഷമുള്ള നിര്‍ണായക തെരഞ്ഞെടുപ്പില്‍ 52.5 ശതമാനം വോട്ടുകള്‍ നേടിയാണ് ഉര്‍ദുഗാന്‍ വിജയിച്ചത്.

പാര്‍ലമെന്റിലേക്കും പ്രസിഡന്റ് പദവിയിലേക്കുമാണ് തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. രണ്ടിലും ഉര്‍ദുഗാന്റെ പാര്‍ട്ടിക്കാണ് വിജയം. ഉര്‍ദുഗാന്‍ 52.5 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ മുഖ്യ എതിരാളിയും റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി നേതാവുമായ മുഹര്‍റം ഇൻജെ 30.7 ശതമാനം വോട്ടുകളാണ് നേടിയത്. കൂടുതല്‍ അധികാരമുള്ള പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ വലിയ ഉത്തരവാദിത്വമാണ് ജനങ്ങള്‍ തനിക്ക് നല്‍കിയിട്ടുള്ളതെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

ദേശീയവാദികളായ നാഷണലിസ്റ്റ് മൂവ്മെന്റ് പാര്‍ട്ടിയുമായി സഖ്യത്തിലാണ് ഉര്‍ദുഗാന്റെ എകെ പാര്‍ട്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുകളാണ് ഉര്‍ദുഗാന്റെ സഖ്യം നേടിയത്. മുഖ്യ പ്രതിപക്ഷ സഖ്യമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി 23 ശതമാനം വോട്ടുകള്‍ നേടി. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 87 ശതമാനമായിരുന്നു പോളിങ്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത വെള്ളിയാഴ്ചക്കകം ഉണ്ടായേക്കും.

Tags:    

Similar News