സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ജോര്‍ദ്ദാനില്‍ തൊഴില്‍ കേന്ദ്രം തുറന്നു
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1.3 മില്യണ്‍ സിറിയന്‍ അഭയാര്‍ഥികളാണ് ജോര്‍ദ്ദാനില്‍ കഴിയുന്നത്
സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ജോര്‍ദ്ദാനില്‍ തൊഴില്‍ കേന്ദ്രം തുറന്നു. അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നും പുറത്ത് പോയി ജോലി ചെയ്യുന്നതിനാവശ്യമായ രേഖകളും തൊഴിലവസരങ്ങളുമാണ് തൊഴില്‍ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1.3 മില്യണ്‍ സിറിയന്‍ അഭയാര്‍ഥികളാണ് ജോര്‍ദ്ദാനില്‍ കഴിയുന്നത്.
ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി വിഭാഗവും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ജോര്‍ദാന്‍ തൊഴില്‍ മന്ത്രാലയവും ചേര്‍ന്നാണ് തൊഴില്‍ കേന്ദ്രം തുറന്നത്. അഭയാര്‍ഥികള്‍ക്ക് അഭയാര്‍ഥി ക്യാമ്പില്‍ നിന്നും പുറത്ത് പോഴി തൊഴില്‍ കണ്ടെത്താനുള്ള ഒരു മാസത്തെ തൊഴില്‍ പെര്‍മിഷനാണ് കൊടുക്കുന്നത്.
മുഹമ്മദ് ഇബ്രാഹീം എന്ന സിറിയന്‍ അഭയാര്‍ഥി സിറിയയിലെ താറായില്‍ നിന്നും ജോര്‍ദാനില്‍ എത്തിയിട്ട് 5 വര്‍ഷമായി. ശക്തമായ നിയമങ്ങള്‍ മൂലം അഭയാര്‍ഥി ക്യാമ്പില്‍ നിന്നും പുറത്ത് പോയി ജോലി ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ അദ്ദേഹത്തിന് അതിന് സാധിക്കും. ഒരു ലക്ഷം പേര്‍ താമസിക്കുന്ന സതാരി , നാല്‍പതിനായിരത്തിലധികം പേര്‍ താമസിക്കുന്ന അസ്റാഖ് എന്നീ അഭയാര്‍ഥി ക്യാമ്പുകളില്‍ തൊഴില്‍ കേന്ദ്രം തുറന്നിട്ടുണ്ട്. നിയമപരമായി അഭയാര്‍ഥികള്‍ക്ക് ജോര്‍ദാനില്‍ ജോലി ചെയ്യാനും അവരുടെ കുടുംബങ്ങളെ സഹായിക്കാനും ഇതിലൂടെ സാധിക്കും. അഭയാര്‍ഥികളിലെ ചില മികച്ച തൊഴിലാളികള്‍ ജോര്‍ദ്ദാന്റെ സാമ്പത്തിക, സാമൂഹിക മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ പേരും കാര്‍ഷിക നിര്‍മാണ മേഖലകളിലാണ് ജോലി ചെയ്യുന്നത്.