റോഹിങ്ക്യകള്‍ക്കെതിരെ ക്രിമിനില്‍ കുറ്റങ്ങള്‍ ചെയ്ത സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണം

കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കണ്ടെത്തലുകള്‍ യു.എന്‍ രക്ഷാസമിതി പരിശോധിക്കണമെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിചാരണ നടത്തണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടു

Update: 2018-06-28 02:59 GMT
Advertising

മ്യാന്മറിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് നേരെ ക്രിമിനില്‍ കുറ്റങ്ങള്‍ ചെയ്ത മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കണ്ടെത്തലുകള്‍ യു.എന്‍ രക്ഷാസമിതി പരിശോധിക്കണമെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിചാരണ നടത്തണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ സെപ്തംബറിലാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മ്യാന്‍മറിലെ രാഖൈനില്‍ റോഹിങ്ക്യകള്‍ക്കെതിരായി നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ക്ക് ലഭിച്ചത്. രാഖൈനിലേത് തീര്‍ത്തും സൈനിക നടപടിയാണെന്ന് തന്നെയാണ് ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകം, ബലാത്സംഗം, പീഡനം എന്നിവ നടത്തി റോഹിങ്ക്യകളെ ജന്മനാട്ടില്‍ നിന്നും പുറത്താക്കി. മ്യാന്‍മര്‍ പ്രതിരോധ വിഭാഗത്തിലെ കമാന്‍ഡറായ ജനറല്‍ മിന്‍ ആങ് ലെയിങ്, വൈസ് സീനിയര്‍ സോ വിന്‍, ചില യൂണിറ്റുകളിലെ കമാന്‍ഡര്‍മാര്‍ എന്നിവര്‍ അതിക്രൂരമായ പ്രവര്‍ത്തികളാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ എട്ട് സൈനികരും, അതിര്‍ത്തി രക്ഷാസേനയിലെ മൂന്ന് പേരും ഇക്കൂട്ടത്തില്‍പെടുന്നു. ഈ സാഹചര്യത്തിലാണ് അക്രമങ്ങള്‍ നടത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥരെയടക്കം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിചാരണ ചെയ്യണമെന്ന് ആംനെസ്റ്റി യുഎന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മ്യാന്‍മറിലേത് വംശീയ ഉന്മൂലനമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന നിലപാടില്‍ തന്നെയാണ് യു.എന്‍. എന്നാല്‍ ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടിനോട് മ്യാന്‍മര്‍ സൈനിക വക്താവ് പ്രതികരിച്ചിട്ടില്ല . മ്യാന്‍മര്‍ അംഗമല്ലാത്തതിനാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ രാഖൈനിലെ സൈനിക നടപടിയുടെ വിചാരണ നടത്താന്‍ സാധിക്കില്ല. എന്നാല്‍ യു.എന്‍, ഐ.സി.സിയോട് ആംനെസ്റ്റി കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് വിചാരണ നടത്താന്‍ സാധിക്കും.

Tags:    

Similar News