സിറിയക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
ഡെറാഅ പിടിച്ചെടുക്കാനുള്ള സിറിയന്‍ സൈന്യത്തിന്റെ പോരാട്ടത്തെ തുടര്‍ന്ന് ലക്ഷങ്ങളാണ് പലായനം ചെയ്തത്.
സിറിയക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ഡെറാഅ പിടിച്ചെടുക്കാനുള്ള സിറിയന്‍ സൈന്യത്തിന്റെ പോരാട്ടത്തെ തുടര്‍ന്ന് ലക്ഷങ്ങളാണ് പലായനം ചെയ്തത്. ജനവാസ മേഖലയിലെ സൈന്യത്തിന്റെ ആക്രമണമാണ് ഈ ദുരന്തത്തിന് വഴിവെച്ചതെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.
ജൂണ്‍ 19നാണ് തെക്കന്‍ പ്രവിശ്യകളായ ഡെറാഅ, കുനിത്ര, സ്വയ്ത തുടങ്ങിയ വിമത സ്വാധീന മേഖലകളില്‍ സിറിയന്‍ സൈന്യം പോരാട്ടം ശക്തമാക്കിയത്. വിമത സ്വാധീന മേഖലകള്‍ തിരിച്ചുപിടിക്കാനുള്ള ശക്തമായ പോരാട്ടത്തിനിടെ ജനവാസ മേഖലകളില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ ഈ മേഖലകളില്‍ നിന്നും പലായനം ചെയ്തു. ഈ ദുരന്തത്തിനിടയാക്കിയ സിറിയന്‍ സര്‍ക്കാരിനെ അതിരൂക്ഷമായാണ് ഐക്യരാഷ്ട്രസഭ വിമര്‍ശിച്ചത്.
തീവ്രമായ യുദ്ധമാണ് സാധാരണക്കാരെ കുടുക്കിയതെന്നും ഈ നടപടിയെ അപലപിക്കുന്നെന്നും മനുഷ്യാവകാശ ചുമതലുള്ള യുഎന്‍ ഹൈകമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ പറഞ്ഞു. ജനങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയുള്ള വിവിധ കക്ഷികളുടെ പോരാട്ടം തുടരുകയാണെന്നും സെയ്ദ് റാദ് അല്‍ ഹുസൈന്‍ പറഞ്ഞു.
റഷ്യന്‍ പിന്തുണയോടെ നടത്തുന്ന ആക്രമണത്തില്‍ ഡെറഅയിലെ വിവിധ നഗരങ്ങള്‍ വിമതപക്ഷത്ത് നിന്നും അസദ് സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ജനങ്ങള്‍ക്ക് പലായനം ചെയ്യാന്‍ സുരക്ഷിതമായ പാത അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അല്‍ ഹുസൈന്‍ പറഞ്ഞു.
ജോര്‍ദാന്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പലായനം നടന്നത്. നിലവില്‍ 1.3 മില്യണ്‍ സിറിയക്കാരാണ് ജോര്‍ദാനില്‍ ഉള്ളത്. അതുകൊണ്ടുതന്നെ ഇനി ജോര്‍ദാന്‍ അഭയാര്‍ഥികള്‍ക്കുള്ള പ്രവേശം നിര്‍ത്തിവെച്ചിട്ടുണ്ട്. രാജ്യത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ പരമാവധി അഭയാര്‍ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി അതിന് സാധിക്കില്ലെന്ന് ജോര്‍ദാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.