ഹുദൈദയില്‍ യുദ്ധത്തിന് താൽക്കാലിക വിരാമം; വെടിനിര്‍ത്തല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥ ശ്രമത്തെ തുടര്‍ന്ന്
യുദ്ധമേഖലയിൽ കുടുങ്ങിയവർക്ക് ജീവകാരുണ്യ സഹായം ലഭ്യമാക്കാനും മറ്റുമുള്ള യു.എൻ നീക്കം മുൻനിർത്തിയാണ് ആക്രമണം നിർത്തി വെക്കാൻ സൗദി സഖ്യസേന തീരുമാനിച്ചത്.
യെമനിലെ ഹുദൈദയിൽ ദിവസങ്ങളായി തുടരുന്ന യുദ്ധത്തിന് താൽക്കാലിക വിരാമം. യുദ്ധമേഖലയിൽ കുടുങ്ങിയവർക്ക് ജീവകാരുണ്യ സഹായം ലഭ്യമാക്കാനും മറ്റുമുള്ള യു.എൻ നീക്കം മുൻനിർത്തിയാണ് ആക്രമണം നിർത്തി വെക്കാൻ സൗദി സഖ്യസേന തീരുമാനിച്ചത്. പ്രഖ്യാപനത്തെ ലോകസമൂഹം സ്വാഗതം ചെയ്തു.
ഹുദൈദയിൽ പോരാട്ടം കനത്തതോടെ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. 2014 മുതൽ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹൂദൈദ പിടിച്ചടക്കാനുള്ള സൗദി സഖ്യസേനയുടെ നീക്കം ഏറെക്കുറെ വിജയത്തോട് അടുക്കുകയാണ്. യു.എൻ മധ്യസ്ഥ നീക്കം അംഗീകരിച്ച് ഹുദൈദയിൽ നിന്ന് പിൻവാങ്ങാൻ ഹൂത്തികൾക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വെടിനിർത്തൽ പ്രഖ്യാപനം. യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ് ആണ് താൽക്കാലിക യുദ്ധവിരാമ പ്രഖ്യാപനം ലോകത്തെ അറിയിച്ചത്.
ഹൂത്തികൾക്ക് ഹുദൈദയിൽ നിന്ന് നിരുപാധികം പിൻവാങ്ങാനുള്ള യു.എൻ നീക്കത്തിന് ഇതോടെ ആക്കം കൂടിയിരിക്കുകയാണ്. യു.എൻ പ്രത്യേക ദൂതൻ മാർട്ടിൻ ഗ്രിഫിത്തിന്റെ നേതൃത്വത്തിലാണ് ഹൂത്തികളുമായുള്ള സമവായ ചർച്ചകൾ തുടരുന്നത്. യു.എൻ നീക്കം വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അൻവർ ഗർഗാശ് ട്വിറ്റ് സന്ദേശത്തിൽ വ്യക്തമാക്കി.
ജൂൺ 23 മുതലാണ് ഹുദൈദയുടെ നിയന്ത്രണം തിരിച്ചു പിടിക്കാനുളള നീക്കം സൗദി സഖ്യസേന ആരംഭിച്ചത്. ഹുദൈദയിൽ നിന്ന് ഹൂത്തി വിമതർ പൂർണമായും പിൻവാങ്ങണമെന്ന് യെമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദി യു.എൻ ദൂതനെ അറിയിച്ചു.