ഉഗാണ്ടയില്‍ സോഷ്യല്‍ മീഡിയ ടാക്സ് പ്രാബല്യത്തില്‍
ഉഗാണ്ടയിലെ വാട്സ്ആപ്പ്, ഫേസ് ബുക്ക്, ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്ന് ഇന്നലെ മുതലാണ് സോഷ്യല്‍ മീഡിയ ടാക്സ് ഈടാക്കി തുടങ്ങിയത്.
വിമര്‍ശനങ്ങള്‍ക്കിടയിലും ഉഗാണ്ടയില്‍ സോഷ്യല്‍ മീഡിയ ടാക്സ് ഏര്‍പ്പെടുത്തി. നടപടി സര്‍ക്കാരിന്റെ വരുമാനം വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് വിശദീകരണം. എന്നാലിത് അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് വിമര്‍ശകരുടെ പക്ഷം.
ഉഗാണ്ടയിലെ വാട്സ്ആപ്പ്, ഫേസ് ബുക്ക്, ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്ന് ഇന്നലെ മുതലാണ് സോഷ്യല്‍ മീഡിയ ടാക്സ് ഈടാക്കി തുടങ്ങിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഉഗാണ്ടന്‍ പാര്‍ലമെന്റ് സോഷ്യല്‍ മീഡിയ ടാക്സ് നിയമം പാസാക്കിയത്. ഉഗാണ്ടന്‍ ജനസംഖ്യയുടെ 41 ശതമാനം ജനങ്ങളും ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്. ഇവര്‍ ഒരു ദിവസം ഏകദേശം 1.5 ഡോളര്‍ ടാക്സ് ആണ് നല്‍കേണ്ടിവരുന്നത്. 2020 ആകുമ്പോഴേക്കും വരുമാനം വര്‍ധിപ്പിക്കാന്‍ ഈ സമ്പ്രദായം സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
രാജ്യത്തെ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഉഗാണ്ടന്‍ ജനതയെ ദരിദ്രരാക്കുന്ന തീരുമാനമാണ് പ്രാബല്യത്തിലായിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിമര്‍ശിക്കുന്നു. നികുതി ഏര്‍പ്പെടുത്തിയത് മോശമാണെന്നും ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വാദിക്കുന്നു.
കഴിഞ്ഞ 32 വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് യൊവേരി മസേവ്‌നിക്കെതിരായ സോഷ്യല്‍ മീഡിയ ഗോസിപ്പ് അവസാനിപ്പിക്കാനുള്ള തന്ത്രമായും ഈ നികുതി ഏര്‍പ്പെടുത്തലിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റിനെ വിമര്‍ശിച്ചതിന് സാമൂഹ്യപ്രവര്‍ത്തകനെ ശിക്ഷിച്ചിരുന്നു.