ഇറാന്റെ എണ്ണ വരുമാനം പൂജ്യമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്ക
ലോക രാജ്യങ്ങള്‍ക്കുമേല്‍ ഇതിനായുള്ള സമ്മര്‍ദ്ദം തുടരുമെന്നും അമേരിക്ക വ്യക്തമാക്കി
ഇറാന്റെ എണ്ണ വരുമാനം പൂജ്യമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തുറന്ന് പ്രഖ്യാപിച്ച് അമേരിക്ക. ലോക രാജ്യങ്ങള്‍ക്കുമേല്‍ ഇതിനായുള്ള സമ്മര്‍ദ്ദം തുടരുമെന്നും അമേരിക്ക വ്യക്തമാക്കി.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. ഇത് ഇറാന്റെ എണ്ണ വരുമാനം പൂജ്യമാക്കി കുറക്കാനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇറാന്റെ നയങ്ങള്‍ മാറ്റാന്‍ അവരെ പ്രേരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്കയുടെ മുതിര്‍ന്ന നയകാര്യ ഉപദേഷ്ടാവ് ബ്രെയ്ന്‍ ഹുക്ക് പറഞ്ഞു
ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ട്രംപ് പിന്മാറിയ ശേഷമാണ് ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്. ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാന്‍ കമ്പനികളോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുകയാണ്. ഒപ്പം സൌദി അറേബ്യയോട് കൂടുതല്‍ എണ്ണ ഉല്പാദിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെടുകയും ആവശ്യം സൌദി അംഗീകരിക്കുകയും ചെയ്തു. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന അമേരിക്കയുടെ ആവശ്യം കണക്കിലെടുക്കാന്‍ ഇന്ത്യയും സന്നദ്ധമായിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഇറാനില് നിന്നും ഏറ്റവും കൂടുതല്‍ എണ്ണവാങ്ങുന്ന രാജ്യം ഇന്ത്യയാണ്. ബുധനാഴ്ചക്കകം ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാനാണ് ട്രംപ് എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.