നാല് പേരെ കൂടി രക്ഷപ്പെടുത്തി; ഇനി ഗുഹക്കുള്ളില്‍ അഞ്ച് പേര്‍  

തായ്‍ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളില്‍ നാല് പേരെ കൂടി പുറത്തെത്തിച്ചു. ഇതോടെ രക്ഷപ്പെടുത്തിയവരുടെ എണ്ണം എട്ടായി. ഇനി കോച്ച് അടക്കം അഞ്ച് പേരെയാണ് പുറത്തെത്തിക്കാനുള്ളത്.

Update: 2018-07-10 01:47 GMT
Advertising

തായ് ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീം അംഗങ്ങളില്‍ അവശേഷിക്കുന്നവരെ കൂടി പുറത്തെത്തിക്കാനുള്ള രക്ഷാദൌത്യം ഇന്നും തുടരും. ഇന്നലെ പുറത്തെത്തിച്ച നാലുപേരടക്കം എട്ടു കുട്ടികളെയാണ് ഇതു വരെ രക്ഷിച്ചത്. ഇനി കോച്ചടക്കം അഞ്ചുപേരെയാണ് പുറത്തെത്തിക്കാനുള്ളത്.

തിങ്കളാഴ്ച പ്രാദേശിക സമയം 11 മണിക്കാണ് രണ്ടാംഘട്ട രക്ഷാ ദൌത്യം ആരംഭിച്ചത്. ചേംബര്‍ 3 എന്നറിയപ്പെടുന്ന ഗുഹാമുഖത്തിന് രണ്ട് കി.മീ അടുത്ത് ഞായറാഴ്ച രണ്ട് പേരെ എത്തിച്ചിരുന്നു. അവരെയാണ് ആദ്യം പുറത്തെത്തിച്ചത്. ശേഷം ഏഴാമത്തെയും എട്ടാമത്തെയും കുട്ടികളെ പുറത്തെത്തിച്ചു. ഇവരെ ചിയാങ് റായിലെ ആശുപത്രിയിലേക്ക് മാറ്റി. തണുത്തുറഞ്ഞ് അവശനിലയിലാണെങ്കിലും കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല.

ജൂൺ 23ന് വൈകിട്ട് ഫുട്ബോൾ പരിശീലനത്തിന് ശേഷം ഉത്തര തായ്‍ലൻഡിലെ ചിയാങ് റായ് മേഖലയിലുള്ള താം ലുവാങ് ഗുഹയ്ക്കുള്ളിൽ കയറിയതാണ് കൗമാരക്കാരായ 12 കുട്ടികളും അവരുടെ കോച്ചും. ഇവർ ഉള്ളിൽ കയറിയ ഉടൻ മഴ പെയ്തതിനെ തുടർന്നാണ് അകത്തു കുടുങ്ങിയത്.

പുറത്തെത്തിച്ചവരുടെ പേര് വിവരങ്ങള്‍ തായ്‍ലന്‍ഡ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ബാക്കിയുള്ള അഞ്ച് പേരെ കൂടി പുറത്തെത്തിച്ച് രക്ഷാദൌത്യം അവസാനിപ്പിക്കും. 90 നീന്തൽ വിദഗ്ധരാണ് പ്രത്യേക ദൗത്യ സംഘത്തിലുള്ളത്. ഇതിൽ 50 പേർ തായ് നാവികസേനാംഗങ്ങളും 40 പേർ പുറത്തുനിന്നുള്ളവരുമാണ്.

Tags:    

Similar News