ഉയ്ഗൂര്‍ മുസ്‍ലിംകൾ: വംശീയോന്മൂലനത്തിന്റെ ഭീതിയിൽ ഒരു ജനവിഭാഗം
സിൻജിയാങ്ങിനെ 1949 ലാണ് ചൈന തങ്ങളുടെ അധീനതയിലുള്ള കോളനിയാക്കി മാറ്റുന്നത്. അതോടെ തുടങ്ങി അവിടത്തെ തദ്ദേശീയ ജനവിഭാഗമായ ഉയ്ഗൂര്‍ മുസ്‍ലിംകളുടെ ദുരിതകാലവും
ജനസംഖ്യയിൽ 12 മില്യനോളം വരുന്ന ഉയ്ഗൂര്‍ മുസ്‍ലിംകളുടെ സാംസ്‌കാരിക ശേഷിപ്പുകളെ അശ്ശേഷം തുടച്ചു നീക്കാനുള്ള തീവ്ര യത്നത്തിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. ബീജിങ്ങിന്റെ ഭാഷയിൽ സിൻജിയാങ് വീഗർ ഓട്ടോണോമസ് റീജിയൻ എന്ന വിളിപ്പേരുള്ള സിൻജിയാങ് പ്രദേശത്തെ ഭൂരിപക്ഷ മുസ്ലിം ജനവിഭാഗമാണ് ഉയ്ഗൂര്‍. അവർ സ്നേഹപൂർവം ഈസ്റ്റ് തുർക്കിസ്ഥാൻ എന്ന് വിളിക്കുന്ന സിൻജിയാങ്ങിനെ 1949 ലാണ് ചൈന തങ്ങളുടെ അധീനതയിലുള്ള കോളനിയാക്കി മാറ്റുന്നത്. അതോടെ തുടങ്ങി അവിടത്തെ തദ്ദേശീയ ജനവിഭാഗമായ ഉയ്ഗൂര്‍ മുസ്‍ലിംകളുടെ ദുരിതകാലവും.
കഴിഞ്ഞ കുറെ വർഷങ്ങളായി സിൻജിയാങ്ങിൽ നിന്നും അധികം വാർത്തകളൊന്നും പുറം ലോകത്തെത്തിയിട്ടില്ല. ബെയ്‌ജിങ്ങിന്റെ ഭാഗത്തു നിന്നുള്ള ശക്തമായ നിയന്ത്രണങ്ങൾ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എങ്കിലും, പഴുതടച്ച മാധ്യമ നിയന്ത്രണങ്ങളെയെല്ലാം അതിജീവിച്ചു പുറത്തെത്തിയ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. ഉയ്ഗൂര്‍ മുസ്‍ലിംകളുടെ അടയാളങ്ങളെ ഒന്നൊഴിയാതെ തുടച്ചു നീക്കാൻ കൊടിയ പീഢനങ്ങളും പൗരാവകാശ ലംഘനങ്ങളുമാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സമാനതകളില്ലാത്ത വംശീയോന്മൂലനത്തിനാണ് ഉയ്ഗൂര്‍ മുസ്‍ലിംകള്‍ ഇരകളായിക്കൊണ്ടിരിക്കുന്നത്.
തങ്ങളുടെ വിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങളൊന്നും പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ ഉയ്ഗൂറുകൾക്ക് അവകാശമില്ല. പള്ളികൾ അടച്ചുപൂട്ടിയിരിക്കുന്നു എന്ന് മാത്രമല്ല, ഖുർആൻ ഉൾപ്പെടെ എല്ലാ മതഗ്രന്ഥങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. താടി വെക്കാനോ ഇസ്‍ലാമിക സംസ്കാരത്തെ അടയാളപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കാനോ പോലും അവകാശമില്ലാത്ത ഒരു ജനവിഭാഗമായിരിക്കുന്നു ഉയ്ഗൂര്‍ മുസ്‍ലിംകൾ.
ഉയ്ഗൂര്‍ മുസ്‍ലിംകളെ നിരന്തരം പിന്തുടരുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ ഉയ്ഗൂറുകളും തങ്ങളുടെ വാഹനങ്ങളിൽ ജി.പി.എസ് ഉപകരണം ഘടിപ്പിക്കണമെന്ന തിട്ടൂരമിറക്കിയിരിക്കുകയാണ് ചൈനീസ് ഗവണ്മെന്റ്. സിൻജിയാങിലെ പോലീസുകാർ ഉയ്ഗൂര്‍ മുസ്‍ലിംകളെ പൊതു ഇടങ്ങളിൽ തിരിച്ചറിയാൻ സഹായിക്കുന്ന സ്മാർട്ട് ഗ്ലാസ്സുകൾ ധരിച്ചാണ് നടക്കുന്നത്.
സിൻജിയാങിലെ പോലീസുകാർ ഉയ്ഗൂര്‍ മുസ്‍ലിംകളെ പൊതു ഇടങ്ങളിൽ തിരിച്ചറിയാൻ സഹായിക്കുന്ന സ്മാർട്ട് ഗ്ലാസ്സുകൾ ധരിച്ചാണ് നടക്കുന്നത്
തങ്ങളുടെ വിശ്വാസത്തെയും സംസ്കാരത്തെയും കൈവെടിയാൻ വിമുഖത കാണിക്കുന്ന ഉയ്ഗൂര്‍ മുസ്‍ലിംകളെ ജയിലുകളിലേക്കോ റീ എഡ്യൂക്കേഷൻ ക്യാമ്പുകൾ എന്ന് വിളിക്കപ്പെടുന്ന തടങ്കൽ പാളയങ്ങളിലേക്കോ അയക്കുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. അവിടെ അവർക്ക് നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളാണ്. തങ്ങളുടെ വിശ്വാസം അനുവദിക്കാത്ത രീതിയിൽ മദ്യം കുടിക്കാനും പന്നിയിറച്ചി കഴിക്കാനും അവർ നിര്‍ബന്ധിക്കപ്പെടുന്നു. ഉയ്ഗൂര്‍ മുസ്‍ലിംകളെ ചൈനയുടെ ഔദ്യോഗിക വിശ്വാസമായ നിരീശ്വരവാദത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം റീ എഡ്യൂക്കേഷൻ ക്യാമ്പുകൾ സ്ഥാപിച്ചിരിക്കുന്നത്.
മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നുള്ള റിപോർട്ടുകൾ അനുസരിച്ചു ഉയ്ഗൂര്‍ മുസ്‍ലിംകളിൽ പകുതിയോളം പേരെയാണ് ചൈനീസ് ഭരണകൂടം റീ എഡ്യൂക്കേഷൻ ക്യാമ്പുകളിൽ പൂട്ടിയിട്ടിരിക്കുന്നത്. ക്യാമ്പുകളിലേക്ക് പോകാൻ തയ്യാറാവാത്തവർ ജയിലിലകപ്പെടുകയോ നിർബന്ധിത അപ്രത്യക്ഷപ്പെടലിന് വിധേയമാവുകയോ ചെയ്യുന്നു. ഉയ്ഗൂര്‍ മുസ്‍ലിംകൾ നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ചുള്ള ചില വാർത്തകൾ മാത്രമാണിത്. ഈസ്റ്റ് തുർക്കിസ്ഥാനിലെ യഥാർത്ഥ അവസ്ഥകൾ ഇതിലും പരിതാപകരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു അവിടെ നിന്ന് രക്ഷപ്പെട്ടു വിദേശത്തു അഭയം തേടിയവർ.
വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിൽ കഴിയവേ അവിടെ രാഷ്ട്രീയ അഭയം തേടിയ ഉയ്ഗൂര്‍ മുസ്‍ലിമാണ് സദാം മുസാഫിർ. അദ്ദേഹത്തിന്റെ ഭാര്യയെയും ഒരു വയസ്സ് തികയാത്ത കുഞ്ഞിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ് ചൈനീസ് ഭരണകൂടം. ഭർത്താവിന്റെ അടുത്തേക്ക് പോകാൻ രാജ്യം വിടാൻ ശ്രമിച്ചു എന്നതാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തന്റെ കുഞ്ഞിന് ഒരു വയസ്സ് തികഞ്ഞാൽ ചൈനീസ് അധികൃതർ അവനെ അഡോപ്ഷൻ ഏജൻസികൾക്ക് വില്‍ക്കുമെന്നും തന്റെ ഭാര്യയെ അഞ്ചു വർഷത്തേക്ക് തടങ്കലിലിടുകയും ചെയ്യുമെന്ന് പറയുന്നു സദാം മുസാഫിർ. ഉയ്ഗൂര്‍ മുസ്‍ലിംകൾക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പുറം ലോകം അറിയാതിരിക്കാനാണ് ചൈന ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
മത തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം എന്ന വിചിത്ര വാദത്തിന്റെ മറപിടിച്ചാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ ക്രൂരതകളൊക്കെയും നടത്തിക്കൊണ്ടിരിക്കുന്നത്. ചില സായുധ കലാപകാരികൾ സിൻജിയാങിന്റെ ചില ഭാഗങ്ങളിൽ അക്രമങ്ങൾ അഴിച്ചുവിടുകയും ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു എന്നതും കൂടി ചൈനക്ക് പിന്‍ബലമേകി. എന്നാൽ, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പേരിൽ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തെയും സംസ്കാരത്തെയും ഉൻമൂലനം ചെയ്യുന്നത് എങ്ങനെയാണ് ന്യായീകരിക്കാനാവുക.
സിൻജിയാങിലുടനീളം ചൈനീസ് ഭരണകൂടം നടപ്പിലാക്കിയ നിയമങ്ങൾ ഉയ്ഗൂര്‍ മുസ്‍ലിംകളെ ഉച്ചഭാഷിണികളുപയോഗിച്ച് ഉറക്കെ കേൾപ്പിച്ചുകൊണ്ടിരിക്കുകയാണ് അധികാരികൾ. അവർ മുഴു സമയവും പരിശോധനകൾക്ക് വിധേയരാവുന്നു. മൊബൈൽ ഫോണിൽ ചൈനീസ് ഗവണ്മെന്റിനെതിരെയുള്ള വീഡിയോകളോ സന്ദേശങ്ങളോ കണ്ടാൽ ജയിലിൽ പോകേണ്ടിവരുമെന്നതാണ് അവസ്ഥ. തങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന ദുരിതങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ പോലും അവർക്ക് അവകാശമില്ല. സദാ സമയവും ഭരണകൂടത്തിന്റെ നിരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു ജനത.
സിൻജിയാങ്ങിലെ ഭരണകൂട ഭീകരതകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ റേഡിയോ ഫ്രീ ഏഷ്യയുടെ നാലു മാധ്യമപ്രവർത്തകരെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നു എന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാർത്തകൾ പുറത്തെത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത് എന്നാണ് വാഷിംഗ്‌ടൺ പോസ്റ്റിന്റെ ആരോപണം.
വസ്തുതകൾ ഇങ്ങനെയൊക്കെയായിരുന്നിട്ടും, ഉയ്ഗൂര്‍ മുസ്‍ലിംകൾ നേരിടുന്ന അനീതികൾക്കെതിരെ പ്രതികരിക്കാൻ യു.എന്നിനെ പോലുള്ള അന്താരാഷ്ട്ര സംഘടനകൾക്കൊന്നും ഇതുവരെയും സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഉയ്ഗൂര്‍ മുസ്‍ലിംകൾക്ക് നേരെ നടത്തുന്ന ഉന്മുലന ശ്രമങ്ങളെ മതതീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മറ പിടിച്ചു ന്യായീകരിക്കുന്നതിൽ ഒരു പരിധി വരെ ചൈന വിജയിക്കുന്നു എന്നത് കൊണ്ടാണിത്. അന്താരാഷ്ട്രസമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള കുറ്റകരമായ മൗനം തങ്ങളുടെ നടപടികളുമായി മുന്നോട്ട് പോകാൻ ചൈനക്ക് കൂടുതൽ ധൈര്യം നൽകുന്നു എന്നതാണ് വസ്തുത.
ഇക്കഴിഞ്ഞ മെയ് മാസം ഒരു ഉയ്ഗൂര്‍ മുസ്‍ലിം ആക്ടിവിസ്റ്റിനെ ന്യൂ യോർക്കിലുള്ള യു.എൻ ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ചൈന വിലക്കിയതോടെ ഈ വിഷയം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വന്നു. തീവ്രവാദിയെന്നാരോപിച്ചാണ് ചൈന അദ്ദേഹത്തിന് അനുമതി നിഷേധിച്ചത്. ഉയ്ഗൂര്‍ മുസ്‍ലിംകളെ നിശ്ശബ്ദരാക്കാനുള്ള ചൈനയുടെ ശ്രമമാണിതെന്ന് യു.എന്നിലെ അമേരിക്കൻ പ്രതിനിധി കെല്ലി കൂരി അന്ന് ആരോപിച്ചിരുന്നു.
തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കയുടെ പ്രധാന പങ്കാളിയാണ് ഏഷ്യ. എന്നാൽ, ഉയ്ഗൂര്‍ മുസ്‍ലിംകൾക്കെതിരെയുള്ള അനീതികൾ ഇക്കാരണം കൊണ്ട് ന്യായീകരിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാവില്ലെന്ന് തന്നെ പ്രത്യാശിക്കാം. ഉയ്ഗൂര്‍ മുസ്‍ലിംകൾക്ക് അവരുടെ ജന്മ നാട്ടിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയണം. അതവരുടെ ജനാധിപത്യപരമായ അവകാശമാണ്.
സ്വതന്ത്ര പരിഭാഷ: ഇര്‍ഫാന്‍ ആമയൂര്‍