ലോകത്തിലെ ഏറ്റവും നീളം കൂടിയ കൈ നഖങ്ങള്‍ ഇനി റിപ്ലിയുടെ മ്യൂസിയത്തില്‍ കാണാം

ഗിന്നസ് റെക്കോഡ് ജേതാവ് ശ്രിധര്‍ ചില്ലാര്‍ ആണ് തന്റെ നഖങ്ങള്‍ മുറിച്ച് മ്യൂസിയത്തിന് കൈമാറിയത്

Update: 2018-07-13 03:02 GMT
Advertising

ലോകത്തിലെ ഏറ്റവും നീളം കൂടിയ കൈ നഖങ്ങള്‍ ഇനി ന്യൂയോര്‍ക്കിലെ റിപ്ലിയുടെ മ്യൂസിയത്തില്‍ കാണാം. ഗിന്നസ് റെക്കോഡ് ജേതാവ് ശ്രിധര്‍ ചില്ലാര്‍ ആണ് തന്റെ നഖങ്ങള്‍ മുറിച്ച് മ്യൂസിയത്തിന് കൈമാറിയത്.

കുഞ്ഞുനാളില്‍ സ്കൂള്‍ ടീച്ചറില്‍ നിന്ന് കേള്‍ക്കേണ്ടി വന്ന ശകാരം തന്നെ ഗിന്നസ് റെക്കോഡിലേക്കെത്തിച്ച കഥയാണ് ശ്രിധര്‍ ചില്ലാലിന് പറയാനുള്ളത്. സ്കൂള്‍ പഠനകാലത്ത് തന്റെ കൂട്ടുകാരനുമായുണ്ടായ വഴക്കിനിടെ പിടിച്ചുമാറ്റാനെത്തിയതാണ് ടീച്ചര്‍. അബദ്ധത്തില്‍ ചില്ലാല്‍‍ കാരണം ടീച്ചറുടെ കൈയിലെ നഖമൊടിഞ്ഞു. അന്ന് ടീച്ചര്‍ ചില്ലാലിനെ ഒരുപാട് വഴക്ക് പറഞ്ഞു. നഖം വളര്‍ത്തുന്നതിന്റെ ബുദ്ധിമുട്ടറിയില്ല എന്ന് പറഞ്ഞായിരുന്നു ശകാരം. ആ വാക്കുകളാണ് ചില്ലാറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അന്ന് മുതല്‍ അതായത് 1952 മുതല്‍ ചില്ലാര്‍ നഖം വെട്ടുന്നത് നിര്‍ത്തി.

ഇടത് കൈവിരലിലെ നഖങ്ങളാണ് നീട്ടി വളര്‍ത്തിയത്. എല്ലാ നഖങ്ങളും ചേര്‍ത്ത് വെച്ചാല്‍ 909.6 സെന്റീമീറ്ററാണ് നീളം. 197.8 സെന്റീമീറ്ററാണ് ഏറ്റവും വലിയ നഖത്തിന്റെ നീളം. 66 വര്‍ഷങ്ങള്‍ക്ക് ശേഷം ചില്ലാര്‍ തന്റെ നഖങ്ങള്‍ മുറിച്ചിരിക്കുകയാണ്. ഇനിയിത് റോബര്‍ട്ട് റിപ്ലീ ന്യൂയോര്‍ക്കില്‍ സ്ഥാപിച്ച ബിലീവ് ഇറ്റ് ഓര്‍ നോട്ട് എന്ന മ്യൂസിയത്തില്‍ കാണാം. നഖങ്ങള്‍ മുറിക്കുന്നത് ദുഃഖകരമായിരുന്നെങ്കിലും എല്ലാ കാലവും തന്റെ നഖങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നോര്‍ക്കുമ്പോള്‍ ചെയ്തതില്‍ തെറ്റില്ല എന്ന് തോന്നുന്നതായി ചില്ലാര്‍ പറയുന്നു. നഖങ്ങളുടെ നീളവും ഭാരവും മൂലം ചില്ലാറിന്റെ ഇടത് കൈയുടേയും വിരലുകളുടേയും ചലനശേഷി നഷ്ടപ്പെട്ടിട്ടുണ്ട്. 22 വര്‍ഷത്തോളം സര്‍ക്കാരിന്റെ കാര്‍ഷിക മാഗസിന്റെ ഫോട്ടോഗ്രാഫറായിരുന്നു ചില്ലാര്‍. രണ്ട് മക്കളും മൂന്ന് പേരക്കുട്ടികളുമുണ്ട് ചില്ലാറിന്.

Tags:    

Similar News