നാറ്റോ സഖ്യത്തിലെ അംഗരാജ്യങ്ങള്‍ പ്രതിരോധ വിഹിതം കൂട്ടാന്‍ സമ്മതിച്ചതായി ട്രംപ്
എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഇത് നിഷേധിച്ചു
നിലപാട് കടുപ്പിച്ചപ്പോള്‍ നാറ്റോ സഖ്യത്തിലെ അംഗരാജ്യങ്ങള്‍ പ്രതിരോധ വിഹിതം കൂട്ടാന്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഇത് നിഷേധിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാല് ശതമാനം തുക പ്രതിരോധ മേഖലയില്‍ ചെലവഴിക്കണമെന്ന് ട്രംപ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
അമേരിക്ക നിലപാട് കടുപ്പിച്ചപ്പോള്‍ സഖ്യരാജ്യങ്ങള്‍ വഴങ്ങിയെന്നാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നാറ്റോയിലെ 29 രാജ്യങ്ങളും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നാല് ശതമാനം പ്രതിരോധ മേഖലക്ക് ചെലവിടണമെന്നാണ് ട്രംപ് ഇന്നലെ ആവശ്യപ്പെട്ടത്. അമേരിക്കക്ക് എല്ലാ ഭാരവും ചുമക്കാനാവില്ലെന്ന് ട്രംപ് ഉച്ചകോടിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ട്രംപിന്റെ അവകാശവാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ജർമൻ ചാൻസലർ അംഗല മെർക്കലും പിന്നാലെ രംഗത്തെത്തി. 2024ന് അകം വിഹിതം 2% ആയി ഉയർത്തുമെന്നും മറ്റ് അവകാശവാദങ്ങള്‍ തെറ്റാണെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
നടപ്പാക്കിവരുന്ന കാര്യമാണു ട്രംപ് ആവശ്യമായി ഉന്നയിച്ചതെന്നായിരുന്നു അംഗല മെർക്കലിന്റെ പ്രതികരണം. അതേസമയം 2024 ആകുമ്പോഴേക്കും എട്ട് നാറ്റോ രാജ്യങ്ങള്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2 ശതമാനം പ്രതിരോധ മേഖലക്കായി ചെലവിടാമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ സ്കോള്‍ട്ടന്‍ ബര്‍ഗ് ഉച്ചകോടിയില്‍ പറഞ്ഞത്. കഴിഞ്ഞവർഷം യു.എസിന്റെ വിഹിതം 3.6% ആയിരുന്നു; രണ്ടാമത്തെ വലിയ രാജ്യമായ ജർമനിയുടേതാകട്ടെ, 1.2% മാത്രമാണ്.