യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് പുടിന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പുടിന്റെ പ്രതികരണം.

Update: 2018-07-17 02:20 GMT
Advertising

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിന്‍. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവുകള്‍ ഹാജരാക്കണമെന്നും പുടിന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പുടിന്റെ പ്രതികരണം.

യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ല, ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവു കൂടി ഹാജരാക്കണമെന്നും പുടിന്‍ പറഞ്ഞു. അമേരിക്കയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുടിന്‍ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റുമായി തുറന്ന ചര്‍ച്ചയാണ് നടന്നതെന്നും പുടിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം വിഡ്ഢിത്തമാണെന്ന് ഡോണാള്‍ഡ് ട്രംപും പറഞ്ഞു. ഈ അന്വേഷണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസിനു നേരെയുള്ള റഷ്യന്‍ സൈബര്‍ ആക്രമണം, സിറിയന്‍ വിഷയത്തിലെ റഷ്യന്‍ നിലപാട്, യുക്രെയ്ന്‍ പൈപ്പ് ലൈന്‍ നയം തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായായെന്നാണ് സൂചന.

അതേസമയം വാര്‍ത്താ സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കി. ആണവായുധ നിരോധന ഉടമ്പടി എന്ന പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയതിനാണ് ഇദ്ദേഹത്തെ ബലം പ്രയോഗിച്ച് പുറത്താക്കിയത്. ഫിന്‍ലാന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബന്ധം വഷളായിരിക്കെ നടന്ന കൂടിക്കാഴ്ച ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്തുമോയെന്നാണ് ലോകം ഉറ്റു നോക്കുന്നത്.

Tags:    

Similar News