എത്യോപ്യയില്‍ രാഷ്ട്രീയത്തടവുകാര്‍ക്ക് പൊതുമാപ്പ്
ആയിരക്കണക്കിന് പേര്‍ ഉടന്‍ ജയില്‍ മോചിതരാകും. നടപടി പ്രധാനമന്ത്രി അബിയ്യ് അഹമ്മദിന്റെ രാഷ്ട്രീയ പരിഷ്കാരങ്ങളുടെ ഭാഗമായി.
എത്യോപയില്‍ രാഷ്ട്രീയത്തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇതോടെ ആയിരക്കണക്കിന് പേര്‍ ഉടനെ ജയിലില്‍ നിന്ന് സ്വതന്ത്രരാകും. പ്രധാനമന്ത്രി അബിയ്യ് അഹമ്മദിന്റെ രാഷ്ട്രീയ പരിഷ്കാരങ്ങളുടെ ഭാഗമായാണ് നടപടി.
ഏപ്രിലില്‍ അധികാരമേറ്റ ശേഷം രാജ്യത്ത് നിരവധി പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ അബിയ്യ് അഹമ്മദ് ശ്രമിച്ചിരുന്നു. ഇതില്‍ പ്രധാനമായിരുന്നു രാഷ്ട്രീയത്തടവുകാരെയും രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചവരെയും ജയില്‍മോചിതരാക്കുക എന്നത്. രാജ്യത്ത് സമാധാനവും രാഷ്ട്രീയ സ്ഥിരതയും കൊണ്ടുവരാനും ഇത് ഉപകരിക്കുമെന്ന് അദ്ദേഹം കരുതുന്നു. പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന പല നേതാക്കളും ഇതോടെ ജയില്‍ മോചിതരാകും. സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചവരും ഇതിന്റെ പേരില്‍ രാഷ്ട്രീയ കലാപങ്ങള്‍ക്ക് ശ്രമിച്ചവരും ഇക്കൂട്ടത്തില്‍പ്പെടും.
ജൂലൈ അഞ്ചിനാണ് ഇതുസംബന്ധിച്ച ബില്‍ കൊണ്ടുവന്നത്. എത്യോപ്യന്‍ പീപ്പിള്‍സ് റെവലൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് സര്‍ക്കാരില്‍ ഈ ബില്ല് പാസാക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരിലും മറ്റുമായി നാടുകടത്തപ്പെട്ടവര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരാനും അവസരമൊരുക്കുന്നുണ്ട്. അബിയ്യ് അഹമ്മദ് അധികാരത്തിലെത്തിയ ശേഷം എറിത്രിയയുമായുള്ള വര്‍ഷങ്ങളായുള്ള ശത്രുത അവസാനിപ്പിക്കുകയും മികച്ച ബന്ധത്തിന് തുടക്കമിടുകയും ചെയ്തിരുന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കും അബിയ്യ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ട്.