ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റിന് എട്ട് വര്‍ഷം കൂടി തടവ് ശിക്ഷ
അഴിമതി കേസില്‍ പാര്‍ക് ജുഎന്‍ഹെ കുറ്റക്കാരിയാണെന്ന് കണ്ടെത്തല്‍; ശിക്ഷ 24 വര്‍ഷത്തെ തടവ് ശിക്ഷക്ക് പുറമെ.
ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റ്‍ പാര്‍ക്ക് ജുഎന്‍ഹൈയ്ക്ക് 8 വര്‍ഷം കൂടുതല്‍ തടവുശിക്ഷ. 2016ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന് തടസം സൃഷ്ടിച്ചതിലും സര്‍ക്കാര്‍ ഫണ്ടില്‍ വെട്ടിപ്പ് നടത്തിയതിലും പാര്‍ക്ക് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനാലാണ് ശിക്ഷാ കാലാവധി നീട്ടിയത്.
സിയോളിലെ സെന്‍ട്രല്‍ ജില്ലാ കോടതിയാണ് ശിക്ഷാകാലാവധി നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് പാര്‍ക്ക് ജുഎന്‍ ഹൈയ്ക്ക് ഇതോടെ 8 വര്‍ഷം കൂടുതല്‍ തടവില്‍ കഴിയേണ്ടി വരും. ഇന്നലെയാണ് കേസില്‍ ഈ വിധിയുണ്ടായത്.
നാഷണല്‍ ഇന്‍റലിജന്‍സ് സെര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം കുറ്റക്കാരിയായ പാര്‍ക്ക് 6 വര്‍ഷം തടവും 3.3 മില്ല്യണ്‍ പിഴയും അടക്കണം. കൈക്കൂലിക്കേസില്‍ 2 വര്‍ഷവും തടവില്‍ കഴിയണം. ഈ രണ്ട് തടവും ചേര്‍ത്താണ് 8 വര്‍ഷം അധിക തടവ്.
അഴിമതിക്കേസില്‍ പാര്‍ക്കിനെ 24 വര്‍ഷത്തേക്ക് നേരത്തെ തന്നെ കോടതി ശിക്ഷിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 24 വര്‍ഷത്തേക്ക് തടവു ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 മുതല്‍ പാര്‍ക്ക് ജയിലിലാണുള്ളത്. ഇവര്‍ നേരത്തെത്തന്നെ വിചാരണയോട് സഹകരിച്ചിരുന്നില്ല.
കൈക്കൂലി, സ്വജനപക്ഷപാതം, അഴിമതി, അധികാര ദുർവിനിയോഗം തുടങ്ങി വിവിധ വകുപ്പുകളാണ് പാർക്കിനെതിരെ നേരത്തെ ചുമത്തിയിരുന്നത്.
30 മില്ല്യണോളം സാമ്പത്തിക നഷ്ടമാണ് പാര്‍ക്ക് സര്‍ക്കാരിന് ഉണ്ടാക്കിയിരുന്നത്. പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വേണ്ടി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതില്‍ തടസം സൃഷ്ടിച്ചതിലും പാര്‍ക്കിനെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പാര്‍ക്ക് ഇതെല്ലാം നിഷേധിക്കുകയാണുണ്ടായത്.