22 വര്‍ഷമായി ആമസോണ്‍ കാടുകളില്‍ ഏകനായി ഒരു മനുഷ്യന്‍
തദ്ദേശീയ ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെട്ട അവസാന മനുഷ്യനായി കണക്കാക്കപ്പെടുന്ന ഇയാളെ 1996 മുതല്‍ നിരീക്ഷിച്ച് വരികയാണ് ഫൌണ്ടേഷന്‍
ആമസോണ്‍ കാടുകളില്‍ ഏകനായി ജീവിക്കുന്ന ഗോത്രവര്‍ഗക്കാരനായ മനുഷ്യനെ വീണ്ടും കണ്ടത്തി. ബ്രസീലിലെ ഇന്‍ഡ്യന്‍ ഫൌണ്ടേഷനാണ് 22 വര്‍ഷമായി കാട്ടില്‍ തനിച്ച് ജീവിക്കുന്ന മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. തദ്ദേശീയ ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെട്ട അവസാന മനുഷ്യനായി കണക്കാക്കപ്പെടുന്ന ഇയാളെ 1996 മുതല്‍ നിരീക്ഷിച്ച് വരികയാണ് ഫൌണ്ടേഷന്‍.
ബ്രസീലിലെ റോണ്ടോണിയ പ്രവിശ്യയിലെ സംരക്ഷിത വനത്തിനുള്ളിലാണ് ഈ ആദിമ മനുഷ്യന്‍ ജീവിക്കുന്നത്. 1995-96 കാലഘട്ടത്തില്‍ തന്റെ അവസാന കൂട്ടാളിയും കൊല്ലപ്പെട്ടതോടെയാണ് ഇയാള്‍ ഒറ്റയായത്. ആധുനിക മനുഷ്യരുടെ കാടുകളിലേക്കും ഗോത്രങ്ങളിലേക്കുമുള്ള കടന്ന് കയറ്റങ്ങള്‍ മൂലമാണ് ഇദ്ദേഹത്തിന്റെ വംശത്തിന്റെ കണ്ണിയറ്റു പോയതെന്നാണ് കരുതപ്പെടുന്നത്.
പുറത്ത് വിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ 2011 ലാണ് ചിത്രീകരിച്ചതെങ്കിലും ഇദ്ദേഹം ഇപ്പോളും ജീവിച്ചിരിക്കുന്നതായാണ് ഇന്‍ഡ്യന്‍ ഫൌണ്ടേഷന്‍ അധികതര്‍ പറയുന്നത്. 55നും 60നും ഇടയില്‍ പ്രായം കണക്കാക്കുന്ന ഇയാള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും അധികൃതര്‍ വ്യക്തമാക്കി. പുറം ലോകവുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത ഇദ്ദേഹത്തെ 1996 ലാണ് ഫൌണ്ടേഷന്‍ അംഗങ്ങള്‍ കണ്ടെത്തുന്നത്. എന്നാല്‍ കാടിനു പുറത്തെത്തിക്കാനും സംരക്ഷണം ഉറപ്പു വരുത്താനും ഫൌണ്‍ണ്ടേഷന്‍ നടത്തിയ ശ്രമങ്ങളെ ഇയാള്‍ അവഗണിക്കുകയായിരുന്നു.