വെള്ളപ്പൊക്കത്തിന് പിന്നാലെ കൊടുംചൂട്, ജപ്പാനില്‍ 35 മരണം
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളുകളാണ് മരിച്ചത്. 40.7ആണ് ഒടുവില്‍ രേഖപ്പെടുത്തിയ താപനില...
ജപ്പാനില്‍ കടുത്ത ചൂടില്‍ മരിച്ചവരുടെ എണ്ണം 35 ആയി. 40.7 ആണ് താപനില. അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണ് ഇത്.
ജപ്പാനില്‍ വെള്ളപ്പൊക്കം വന്‍ നാശം വിതച്ചതിന് പിന്നാലെയാണ് ചൂട് രൂക്ഷമാകുന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളുകളാണ് മരിച്ചത്. 40.7ആണ് ഒടുവില്‍ രേഖപ്പെടുത്തിയ താപനില. അഞ്ച് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
ക്യോട്ടോ സിറ്റിയില്‍ ഏഴ് ദിവസമായി താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുകയാണ്. ചരിത്രത്തിലാദ്യമായാണ് താപനില യാതൊരു വ്യതിയാനവുമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച ഐച്ചി പ്രവിശ്യയില്‍ ആറ് വയസ്സുകാരന്‍ കുഴഞ്ഞു വീണ് മരിച്ചതിനെ തുടര്‍ന്ന് പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സ്കൂളുകള്‍ക്ക് ജപ്പാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 200 പേരാണ് ജപ്പാനില്‍ മരിച്ചത്.