കൊടുംവനത്തില്‍ പര്‍വതങ്ങള്‍ക്കിടയിലെ മച്ചു പിച്ചു കോട്ട

കൊടുംവനത്തില്‍ പര്‍വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന കോട്ട, ഇങ്കാ നാഗരികതയുടെ ഭരണ, രാഷ്ട്രീയ, ആസൂത്രണ മികവ് വിളിച്ചോതുന്നു.

Update: 2018-07-24 04:47 GMT
Advertising

ലോക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് പെറുവിലെ മച്ചു പിച്ചു കോട്ട. കൊടുംവനത്തില്‍ പര്‍വതങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന കോട്ട, ഇങ്കാ നാഗരികതയുടെ ഭരണ, രാഷ്ട്രീയ, ആസൂത്രണ മികവ് വിളിച്ചോതുന്നു. 1911 ജൂലൈയിലെ ഇതേ ദിവസമാണ് അമേരിക്കന്‍ പുരാവസ്തു ഗവേഷകന്‍ ഹിറാം ബിങ്‍ഹാം പെറുവിലെ ഈ സാംസ്കാരിക പൈതൃകം ലോകത്തിന്‍റെ ശ്രദ്ധയിലേക്കെത്തിക്കുന്നത്.

ഇങ്കാ രാജവംശത്തിന്‍റെ വേനല്‍കാല ആസ്ഥാനമായിരുന്നു മച്ചു പിച്ചു കോട്ട. കെച്‍വാ ഭാഷയില്‍ പുരാതന പര്‍വതം എന്നാണ് മച്ചു പിച്ചുവെന്ന വാക്കിന്‍റെ അര്‍ഥം. 1911 ല്‍ പുരാവസ്തു ഗവേഷകനായ അമേരിക്കന്‍ സ്വദേശി ഹിറാം ബിങ്ഹാമും സംഘവും പെറുവിലെ തെക്കുകിഴക്കന്‍ മേഖലയിലുള്ള കുസ്കോ നഗരത്തിലെത്തിതോടെയാണ് മച്ചു പിച്ചുവിനെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഉള്‍വനത്തില്‍ 2430 മീറ്റര്‍ ഉയരത്തിലാണ് കോട്ടയുടെ നില്‍പ്.

പര്‍വതങ്ങള്‍ക്ക് കുറുകെയാണ് മച്ചു പിച്ചു കോട്ടയും നിര്‍മാണം. പാറക്കല്ലുകളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. കുമ്മായമോ, സിമന്‍റോ ഉപയോഗിക്കാതെ കല്ലുകളെ അവയുടെ വശങ്ങളുടെ സ്വഭാവമനുസരിച്ച്‌ അടുക്കിച്ചേർത്താണ്‌ ഭിത്തികൾ കെട്ടിപ്പടുത്തിരുന്നത്‌. നൂറ്റാണ്ടുകൾക്കുശേഷവും ഈ കല്ലുകളുടെ അടുക്കുകൾക്കിടയിലേക്ക്‌ നേർത്ത ഒരു കത്തിപോലും കടത്താൻ സാധിക്കാത്തവിധം അസാമാന്യമായ വൈദഗ്‌ധ്യം കെട്ടിടനിർമാണത്തിൽ ഇവർ പ്രകടിപ്പിച്ചിരുന്നു.

ഇങ്കാ സാമ്രാജ്യം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്ന പെഷാക്യൂട്ടകിന്‍റെ കാലത്താണ് മച്ചു പിച്ചു കോട്ടയുടെ നിര്‍മാണം ആരംഭിച്ചത്. 50 മുതല്‍ 70 വര്‍ഷം വരെ സമയമെടുത്ത് 50,000 പേരുടെ മനുഷ്യാധ്വാനമാണ് ഇതിനായി ചെലവഴിച്ചത്. എഡി 1438 മുതല്‍ 1533 വരെയാണ് ഇങ്കാ സാമ്രാജ്യത്തിന്‍റെ നിലനില്‍പ്. ഇങ്കാ നാഗരികതയുടെ സവിശേഷതയായി പറയുന്ന കൃഷിയുടേയും ആസൂത്രണത്തിന്‍റേയും കുടുംബ ജീവിതത്തിന്‍റേയും മികച്ച ഭരണരീതിയുടേയും എല്ലാം തെളിവുകള്‍ ചരിത്രകാരന്മാര്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൃഷി ആവശ്യത്തിനുള്ള മഴവെള്ളം ശേഖരിക്കുന്നതിന് അക്കാലത്തെ സാങ്കേതിക വിദ്യ മച്ചു പിച്ചു കോട്ടയില്‍ ഉപയോഗിച്ചിരിന്നു.

മൂന്ന് ലക്ഷം ആളുകളാണ് വര്‍ഷം തോറും ഈ ഇങ്കാ കാലത്തെ നിര്‍മിതി കാണാന്‍ പെറുവിലെത്തുന്നത്. ഇങ്കാ നാഗരികതയുടെ ഈ സ്മാരകത്തിന് 1983ല്‍ യുനെസ്കോ ലോക പൈതൃക കെട്ടിടങ്ങളുടെ പദവി നല്‍കി. ലോകത്തെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായി തെരഞ്ഞെടുത്തതും ഈ പുരാതന പര്‍വതത്തെത്തന്നെയാണ്.

Tags:    

Similar News