ഗൾഫ്മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി അമേരിക്കയും ഇറാനും തമ്മില്‍ പോര്‍വിളി
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും അമേരിക്ക കൊണ്ടുപിടിച്ച നീക്കങ്ങൾ തുടരുമ്പോൾ ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യ കൂടുതൽ കലുഷിതമാകും
അമേരിക്കയും ഇറാനും തമ്മിൽ പോർവിളി തുടരുന്നത് ഗൾഫ് മേഖലയുടെ സുരക്ഷക്ക് വൻഭീഷണിയാകും. ഇറാനെതിരെ സൈനിക നടപടിക്കു വരെ മടിക്കില്ലെന്ന മുന്നറിയിപ്പാണ് യു.എസ് പ്രസിഡൻറ് ട്രംപ് നൽകിയിരിക്കുന്നത് . എന്നാൽ തങ്ങൾക്കെതിരായ ഏതൊരു നീക്കത്തെയും ശക് തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി.
യു.എസിനെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെങ്കിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് ഏറ്റവും ഒടുവിലായി ട്രംപ് ഉയർത്തിയ ഭീഷണി. ഇനി ഒരിക്കലും യുണൈറ്റഡ് സ്റ്റേറ്റിനെ ഭീഷണിപ്പെടുത്തരുതെന്നും അങ്ങനെ സംഭവിച്ചാൽ മുൻകാല ചരിത്രത്തിൽ അനുഭവിക്കാത്ത തരത്തിലുള്ള അനന്തരഫലങ്ങളെ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ താക്കീത്.
എന്നാൽ തങ്ങളുടെ എണ്ണ വ്യാപാരം തടഞ്ഞാൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് ഇറാനും തിരിച്ചടിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം തടയുമെന്നാണ് ഇറാന്റെ ഭീഷണി. ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണവിതരണം പ്രധാനമായും നടക്കുന്നത് ഹോർമുസ് കടലിടുക്ക് മുഖേനയാണ്. സഖ്യരാജ്യങ്ങളുടെ കൂടി പിന്തുണയോടെ ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കം യു.എസ് തുടരുന്നതിനിടെയാണ് എണ്ണ ആയുധമാക്കി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്ന് ഇറാൻ ആവർത്തിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഗൾഫ് രാജ്യങ്ങളും വെറുതെയിരിക്കില്ല. കൂടുതൽ വ്യാപ്തിയുള്ള സംഘർഷത്തിലേക്കാവും ഭിന്നത നീങ്ങുക. മേഖലയുടെ സമ്പദ് ഘടനക്കു തന്നെ അത് ഗുരുതരമായ ഭീഷണി സൃഷ്ടിക്കും.
സിംഹമടയിൽ കയറിക്കളിക്കരുതെന്ന റൂഹാനിയുടെ താക്കീതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും അമേരിക്ക കൊണ്ടുപിടിച്ച നീക്കങ്ങൾ തുടരുമ്പോൾ ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യ കൂടുതൽ കലുഷിതമാകുന്ന സാഹചര്യമാവും രൂപപ്പെടുക.