ഹോട്ടലില്‍ യുവതി പ്രസവിച്ചു; കുഞ്ഞിന് ജീവിതകാലം മുഴുവന്‍ സൗജന്യ ഭക്ഷണം
വിമാനത്തില്‍ ജനിച്ച കുട്ടിക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്.
ഹോട്ടലില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി. ഹോട്ടലുകാര്‍ സന്തോഷം പ്രകടിപ്പിച്ചത് കുഞ്ഞിന് ആ ജീവനാന്തം സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തും. ഭക്ഷണം മാത്രമല്ല ജോലിയും വാഗ്ദാനം ചെയ്‌തെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിമാനത്തില്‍ ജനിച്ച കുട്ടിക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്.
അമേരിക്കയിലെ ടെക്‌സസിലെ ചിക് ഫില്‍ റസ്റ്റോറന്റില്‍ ഈ മാസം 17നാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ റോബര്‍ട്ട് ഗ്രിഫിനാണ് ഫേസ്ബുക്കിലൂടെ സംഭവം ലോകത്തെ അറിയിച്ചത്. കുഞ്ഞിന്റെയും അമ്മയുടെയും ഫോട്ടോ സഹിതമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഞാനും ഭാര്യ മാഗിയും കുടുംബവും. മൂത്ത മകള്‍ക്ക് വേണ്ടിയായിരുന്നു വാഹനം ആ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയത്. ഹോട്ടല്‍ അടക്കാനായിരുന്നിട്ടും ഭാര്യയുടെ ആവശ്യം പരിഗണിച്ച് അവര്‍ തുറന്ന് തന്നു. തുടര്‍ന്ന് വാഷ് ചെയ്യാനായി ഭാര്യ ഹോട്ടലിനകത്തേക് കയറി.
ഈ സമയത്ത് മൂത്ത മകളെയും അവളുടെ സുഹൃത്തിനെയും ഇറക്കി തിരിച്ചുവന്നപ്പോഴാണ് ഹോട്ടലിലെ മാനേജര്‍, കരയുന്ന ശബ്ദം കേള്‍ക്കുന്നതായി പറഞ്ഞത്. ഗ്രിഫി അവിടെയെത്തിയപ്പോഴെക്കും പ്രസവം കഴിഞ്ഞിരുന്നു. ഹോട്ടലുകാരുടെ ഭാഗത്ത് നിന്നും പൂര്‍ണ പിന്തുണ ലഭിച്ചതായും അദ്ദേഹം പറയുന്നു. കുട്ടിയേയും അമ്മയേയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മിനുറ്റുകള്‍ക്കകം ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. 3 ലക്ഷം ലൈക്കുകളും ഒരു ലക്ഷം ഷെയറുകളും പോസ്റ്റിന് ലഭിച്ചു.