വാഹനത്തില്‍ നിന്നും ചാടിയിറങ്ങി ഒരു ഡാന്‍സ്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി കീ കീ ചലഞ്ച്
അമേരിക്കന്‍ ഗായകന്‍ ഡ്രയ്കിന്റെ കീ കീ ഡു യൂ ലവ് മീ എന്ന പാട്ടിനൊപ്പമാണ് ചുവട് വയ്ക്കുന്നത്
ചലഞ്ചുകള്‍ ഏറ്റെടുത്ത് അതൊരു ചലഞ്ചാക്കി സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ഇന്നത്തെ ട്രന്‍ഡ്. പല ചലഞ്ചുകളും കണ്ട സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് കീ കീ ചലഞ്ചാണ്. ഈ ചലഞ്ച് പ്രധാനമായും നടക്കുന്നത് റോഡിലാണ്. നൃത്തം ചെയ്യാൻ പോകുന്ന വ്യക്തി കുറഞ്ഞ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽനിന്നും ചാടിയിറങ്ങി നൃത്തം ചെയ്യുന്നു. അമേരിക്കന്‍ ഗായകന്‍ ഡ്രയ്കിന്റെ കീ കീ ഡു യൂ ലവ് മീ എന്ന പാട്ടിനൊപ്പമാണ് ചുവട് വയ്ക്കുന്നത്. ഇതെല്ലാം വാഹനത്തിനുള്ളിലെ ആൾ ക്യാമറയിൽ പകർത്തും. അങ്ങനെ ലഭിക്കുന്ന വ്യത്യസ്തമായ ദൃശ്യാനുഭവം സാമൂഹ്യ മാധ്യമങ്ങളിൽ ചലഞ്ചായി പങ്കുവയ്ക്കും.
ഡ്രേക്ക് തുടങ്ങി വച്ച ചലഞ്ചല്ല ഇത്. ഇന്റര്‍നെറ്റ് കൊമേഡിയനായ ഷിഗിയാണ് ജൂണ്‍ 30ന് കീ കീ ചലഞ്ച് ഡാന്‍സുമായി ബന്ധപ്പെട്ട ആദ്യ വീഡിയോ പങ്കുവയ്ക്കുന്നത്. പിന്നീട് മറ്റുള്ളവര്‍ ഈ ചലഞ്ച് ഏറ്റെടുക്കുകയാണുണ്ടായത്.
എന്നാൽ ഈ ചലഞ്ചിനെതിരെ എതിര്‍പ്പുകളുമുണ്ട്. കാരണം ഇതിന് അപകട സാധ്യത കൂടുതലാണ് . കുറഞ്ഞ വേഗത്തിലാണ് വാഹനം പോകുന്നതെങ്കിൽപ്പോലും ക്യാമറയിൽ ശ്രദ്ധിച്ച് പെട്ടെന്ന് ഡോറുതുറന്ന് ചാടുന്ന വ്യക്തി സ്വയം അപകടം ക്ഷണിച്ചുവരുത്തുകയും റോഡിലൂടെ പോകുന്ന മറ്റ് യാത്രക്കാർ അപകടത്തിൽ പെടാനുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നു. ചിലപ്പോൾ വാഹനത്തിന്റെ ഡ്രൈവർ തന്നേയാണ് ക്യാമറമാനും. അങ്ങനേ വരുമ്പോഴുണ്ടാകുന്ന അപകട സാധ്യത വളരെ വലുതാണ്. കീ കീ ഡാന്‍സുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.