ലൈംഗികാരോപണക്കേസില്‍ കുടുങ്ങിയ കർദ്ദിനാള്‍ തിയോഡോര്‍ മാക്ക്കാരിക്കിന്റെ രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചു
ഇന്നലെയാണ് രാജി സംബന്ധിച്ചുള്ള കര്‍ദ്ദിനാളിന്റെ കത്ത് പോപ്പിന് ലഭിച്ചത്
ലൈംഗികാരോപണക്കേസില്‍ കുടുങ്ങിയ വാഷിംഗ്ടണ്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാള്‍ തിയോഡോര്‍ മാക്ക്കാരിക്കിന്റെ രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിച്ചു. ഇന്നലെയാണ് രാജി സംബന്ധിച്ചുള്ള കര്‍ദ്ദിനാളിന്റെ കത്ത് പോപ്പിന് ലഭിച്ചത്.
ന്യൂയോര്‍ക്കില്‍ പുരോഹിതനായിരിക്കെ 47 വര്‍ഷം മുന്‍പ് കൌമാരക്കാരനെ ലൈംഗികമായി പീഡിച്ചതായാണ് കര്‍ദ്ദിനാളിനെതിരായ പരാതി. ആരോപണം ഉയര്‍ന്നതോടെ റോമന്‍ കാത്തലിക്ക് വിഭാഗത്തിലെ പ്രമുഖ പുരോഹിതനായ കര്‍ദ്ദിനാള്‍ മാക് കെറിക്കിനെ സഭാ പരിപാടികളില്‍ നിന്നും വിലക്കിയിരുന്നു.ഇതിന് പിന്നാലെയാണ് മാക്ക്കാരിക്ക് രാജി നല്‍കിയത്. കര്‍ദിനാളുടെ രാജി അംഗീകരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, കര്‍ദ്ദിനാളിനെ സഭയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കിയതായും അദ്ദേഹത്തിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ഒരു തുടര്‍ വിചാരണയിലൂടെ പരിശോധിക്കേണ്ടതാണെന്നും വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂണ്‍ 20ന് സഭ നിയോഗിച്ച അന്വേഷണ സമിതിയും കര്‍ദ്ദിനാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നായിരുന്നു 87 കാരനായ കര്‍ദ്ദിനാളുടെ പ്രതികരണം. ചിലിയടക്കമുള്ള രാജ്യങ്ങളില്‍ പുരോഹിതന്‍മാര്‍ ലൈംഗികാരോപണം നേരിടുന്ന പശ്ചാത്തലത്തില്‍ മാര്‍പാപ്പയുടെ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം.