നയാ പാകിസ്‍താന്‍- ജനവിധിയുടെ ഉള്ളടക്കം

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഖൈബര്‍ പങ് തുങ്ക്വായിലെ ബഹുഭൂരിപക്ഷം സീറ്റുകളും നിലനിര്‍ത്തിയും പാകിസ്താന്‍ മുസ്‍ലിം ലീഗിന്റെ ശക്തിദുര്‍ഗമായിരുന്ന പഞ്ചാബിലേക്ക് കടന്നു കയറിയുമാണ് പി.ടി.ഐ വിജയയാത്ര

Update: 2018-07-30 11:04 GMT
അഷ്റഫ് വാളൂര്‍ : ഡോ. അഷ്റഫ് വാളൂര്‍
Advertising

പാകിസ്‍താന്റെ നായക പദവിയിലേക്കുള്ള ഇമ്രാന്‍ ഖാന്റെ വരവ് അപ്രതീക്ഷിതമായിരുന്നില്ല. എന്നാല്‍ ഇത്ര വലിയ ജനപിന്തുണ ഈ തെരഞ്ഞെടുപ്പില്‍ ഇമ്രാന് ലഭിക്കുമെന്ന് അധികമാരും കരുതിയിരിക്കില്ല. കേവല ഭൂരിപക്ഷത്തിന് തെഹ്‍രീക്കെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ)ക്ക് പന്ത്രണ്ട് സീറ്റിന്റെ കുറവുണ്ട്. മറ്റ് പാര്‍ട്ടികളുടെ പിന്തുണ തേടാതെ തന്നെ സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി ഈ കുറവ് പരിഹരിക്കാന്‍ ഇമ്രാന് കഴിയും. പാകിസ്താനിലെ നാല് പ്രവിശ്യാ അസംബ്ലിയിലും പ്രാതിനിധ്യം ഉറപ്പിച്ചാണ് പാകിസ്താന്‍ തെഹ്‍രീക്കെ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി അധികാരത്തിലെത്തുന്നത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഖൈബര്‍ പങ് തുങ്ക്വായിലെ ബഹുഭൂരിപക്ഷം സീറ്റുകളും നിലനിര്‍ത്തിയും പാകിസ്താന്‍ മുസ്‍ലിംലീഗിന്റെ ശക്തിദുര്‍ഗമായിരുന്ന പഞ്ചാബിലേക്ക് കടന്നുകയറിയുമാണ് പി.ടി.ഐ വിജയയാത്ര. പരമ്പരാഗത രാഷ്ട്രീയ ശക്തികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും പാകിസ്താന്‍ മുസ്‍ലിം ലീഗിനെയും പിന്തള്ളി ഒരു ദേശീയ കക്ഷിയായി പാകിസ്താന്‍ തെഹ്‍രീക്കെ ഇന്‍സാഫ് ഉയര്‍ന്നുവെന്നതും കൂടിയാണ് ഈ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം.

ജനവിധിയുടെ ഉള്ളടക്കം

പത്ത് വര്‍ഷമായി തുടരുന്ന ജനാധിപത്യ പരീക്ഷണങ്ങളുടെ തുടര്‍ച്ചയുണ്ടാകണമെന്ന ജനാഭിലാഷം തന്നെയാണ് പാക് ജനവിധിയില്‍ പ്രതിഫലിച്ചത്. പുതിയ പാര്‍ട്ടികളുണ്ടാക്കി വലിയ പ്രതീക്ഷകളോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ തീവ്രമത സംഘടനകള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. മത, തീവ്രവാദ പശ്ചാത്തലമുള്ള സംഘടനകളുടെ 3459 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുളളത്. ഇവരില്‍ ബഹുഭൂരിപക്ഷവും ദയനീയമായി പരാജയപ്പെട്ടു.

ജമാഅത്തു ദഅവ തലവന്‍ ഹാഫിസ് സഈദ് പിന്തുണച്ച അള്ളാഹു അക്ബര്‍ തെഹ്‍രീക്ക് പാര്‍ട്ടിക്ക് ഒരൊറ്റ സീറ്റ് പോലും ലഭിച്ചില്ല. മാത്രമല്ല ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരത്തോളം വോട്ട് മാത്രമാണ് ഈ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് ആകെ കിട്ടിയത്. ഇംഇയത്തുല്‍ ഉലമ ഇസ്‍ലാം, തെഹ്‍രീക്കെ ലബൈക് ഇസ്‍ലാം, മജ്‍ലിസെ വഹ്ദത്തെ ഇസ്‍ലാം തുടങ്ങിയ തീവ്രനിലപാടുകാരായ പാര്‍ട്ടികള്‍ക്കെല്ലാം കൂടി ഒരു ലക്ഷത്തില്‍ താഴെ വോട്ട് മാത്രമാണ് കിട്ടിയത്. താരതമ്യേന പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്ന തെഹ്‍രീക്കെ ലബൈക്ക് പാകിസ്താനെയും ജനം പൂര്‍ണമായും തള്ളിക്കളഞ്ഞു. ദേശീയ അസംബ്ലിയിലേക്ക് 150 സീറ്റില്‍ മത്സരിച്ച ഈ പാര്‍ട്ടി ഒരു സീറ്റില്‍ പോലും വിജയിച്ചില്ല. സിന്ധ് പ്രവിശ്യാ അസംബ്ലിയിലേക്ക് നേടിയ 2 സീറ്റ് മാത്രമാണ് തെഹ്‍രീക്കെ ലബൈക്ക് പാകിസ്താന്റെ ആകെ സമ്പാദ്യം. നേരത്തെ തന്നെ പാകിസ്താന്റെ ജനാധിപത്യ പ്രക്രിയയില്‍ സജീവ പങ്കാളികളായ മുത്തഹിദെ മജ്‍ലിസെ അമലിന് 13 സീറ്റ് മാത്രമാണ് കിട്ടിയത്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വലിയ പരിക്കേറ്റില്ലെങ്കിലും അഞ്ച് പാര്‍ട്ടികളുടെ ഈ മുന്നണിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായിട്ടില്ല.

തീവ്രമത സംഘടനകളുടെ രാഷ്ട്രീയപ്രവേശം താരതമ്യേന പുരോഗമന
നിലപാട് പിന്തുടരുന്ന പരമ്പരാഗത മതരാഷ്ട്രീയ കക്ഷികള്‍ക്ക് കൂടി തിരിച്ചടിയായി. അതുപോലെ തന്നെ തെരഞ്ഞെടുപ്പിന് ശേഷം സൈന്യത്തിന് ഇറങ്ങിക്കളിക്കാനുള്ള അവസരം നല്‍കാതിരിക്കാനും വോട്ടര്‍മാര്‍ ശ്രദ്ധിച്ചു. പാകിസ്താന്‍ മുസ്‍ലിം ലീഗും പാകിസ്താന്‍ പീപ്പിള്സ് പാര്‍ട്ടിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമെന്നതില്‍ നിന്ന് മാറി ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി നടന്നത്. പാകിസ്താന്‍ ‍തെഹ്‍രീക്കെ ഇന്‍സാഫിന്റെ ശക്തമായ സാന്നിധ്യമാണ് പി.പി.പിക്കും പി.എം.എല്‍.എന്നിനും ഇടയില്‍ അധികാരത്തിന്റെ വീതംവെപ്പ് അസാധ്യമാക്കിയത്. ഖൈബര്‍ പങ്ക്തൂങ്ക്വക്ക് പുറത്തേക്ക് കൂടി പി.ടി.ഐയുടെ സാന്നിധ്യം ശക്തിപ്പെട്ടതോടെ ഒരു തൂക്ക് സഭയായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ ഫലം എന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. അങ്ങനെ ഒരു രാഷ്ട്രീയ അനിശ്ചിതത്വമാണ് പാക് സൈന്യവും ആഗ്രഹിച്ചിട്ടുണ്ടാവുക. അതുകൊണ്ട് തന്നെയാകണം പല പ്രമുഖരെയും സ്വതന്ത്രവേഷം കെട്ടിച്ച് മത്സരംഗത്തിറക്കാന്‍ സൈന്യം ചരടുവലിച്ചതും. എന്നാല്‍ സൈന്യത്തിന് മേല്‍ക്കൈ ലഭിക്കുന്ന അത്തരമൊരു രാഷ്ട്രീയ കാലാവസ്ഥയിലേക്ക് തെരെഞ്ഞെടുപ്പാനന്തര പാക് രാഷ്ട്രീയം വീണു പോകരുതെന്ന് വോട്ടര്‍മാരുടെ ആഗ്രഹത്തിന്റെ പ്രതിഫലനം കൂടിയാണ് ഇമ്രാന് കിട്ടിയ വോട്ടുകള്‍.

യുവാക്കളും പാകിസ്താനിലെ രാഷ്ട്രീയപ്രക്രിയയില്‍ വലിയ താല്‍പര്യം കാണിക്കാതിരുന്ന നഗരകേന്ദ്രീകൃത മധ്യവര്‍ഗ്ഗ ജനവിഭാഗവുമാണ് പുതുതായി തെരഞ്ഞെടുപ്പിലേക്ക് വന്നത്.

പാകിസ്താന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയ തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്. ദേശീയ അസംബ്ലിയിലേക്ക് 160 സ്വതന്ത്രരില്‍‍ 30 പേര്‍ക്ക് മാത്രമാണ് വിജയിക്കാനായത്. നവാസ് ഷെരീഫുമായി പിണങ്ങിപ്പിരിഞ്ഞ് ജീപ്പ് ചിഹ്നത്തില്‍ മത്സരിച്ച് ചൌധരി നിസാര്‍ അലി ഖാന്‍ ദേശീയ അസംബ്ലിയിലേക്ക് മത്സരിച്ച രണ്ട് സീറ്റിലും തോറ്റു. 1985 മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും ഇദ്ദേഹം ദേശീയ അസംബ്ലിയിലെത്തിയിരുന്നു. സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നു മുന്‍ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന ചൌധരി നിസാര്‍ ഈ തെരഞ്ഞെടുപ്പില്‍ അങ്കം കുറിച്ചത്. നിലവില്‍ സൈന്യത്തിന്റെ നല്ല കുട്ടിയാണ് ഇമ്രാനെങ്കിലും ദീര്‍ഘകാലം ആ രീതി തുടരില്ലെന്ന് പാക് രാഷ്ട്രീയം നിരീക്ഷിച്ചാല്‍ മനസിലാകും. അതുകൊണ്ടുതന്നെ സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ടാക്കാനായാല്‍ പൂര്‍ണമായും സൈന്യത്തിന് കീഴടങ്ങാതെ തന്നെ ഭരണം നിയന്ത്രിക്കാന്‍ ഇമ്രാന്‍ ഖാന് കഴിയും.

തെഹ്‍രീക്കെ ഇന്‍സാഫിന്റെ മുന്നേറ്റം

നാല് പ്രവിശ്യനിയമനിര്‍മാണ സഭകളിലും പ്രാതിനിധ്യം ഉറപ്പാക്കി തികച്ചും ആധികാരിക ജയത്തോടെയാണ് പാകിസ്താന്‍ തെഹ്‍രീക്കെ ഇന്‍സാഫ് പാര്‍ട്ടി പാകിസ്താനില്‍ അധികാരത്തിലെത്തുന്നത്. പാക് ദേശീയ
രാഷ്ട്രീയത്തില്‍ താരതമ്യേന പ്രസക്തി കുറഞ്ഞ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പങ്തൂങ്ക്വയുടെ രാഷ്ട്രീയ കക്ഷിയെന്ന അപഖ്യാതി മാറ്റിയെഴുതാനും ഇമ്രാന്‍ ഖാന് ഈ ജനവിധി സഹായിച്ചു. പാകിസ്താന്‍ മുസ്‍ലിം ലീഗിന്റെ ശക്തികേന്ദ്രമായ പഞ്ചാബില്‍ നേടിയ ഉജ്വല മുന്നേറ്റമാണ് ഇമ്രാന് അധികാരത്തിലേക്കുള്ള വഴി തുറന്നത്. ശെരീഫ് കുടുംബത്തിന്റെ കാല്‍ക്കീഴില്‍ നിന്ന് പഞ്ചാബിലെ മണ്ണൊലിച്ച് പോകുന്നത് പാക് രാഷ്ട്രീയത്തിലെ പരമ്പരാഗത ശാക്തിക ബലാബലം കൂടി മാറ്റിയെഴുതി. യാഥാസ്ഥിതിക ഗ്രാമീണ ജനവിഭാഗങ്ങളുടെ രാഷ്ട്രീയകക്ഷി എന്നതില്‍ നിന്ന് നഗര മധ്യവര്‍ഗ്ഗങ്ങളുടെ കൂടി പിന്തുണ ഇമ്രാന് നേടാന്‍ കഴിഞ്ഞു. മാത്രമല്ല ഈ തെരഞ്ഞെടുപ്പില്‍ പുതുതായി വന്ന 20 ശതമാനത്തിലധികം വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും ഇമ്രാനെ പിന്തുണച്ചു എന്ന് വേണം കരുതാന്‍. യുവാക്കളും പാകിസ്താനിലെ രാഷ്ട്രീയ പ്രക്രിയയില്‍ വലിയ താല്‍പര്യം കാണിക്കാതിരുന്ന നഗരകേന്ദ്രീകൃത മധ്യവര്‍ഗ്ഗ ജനവിഭാഗവുമാണ് പുതുതായി തെരഞ്ഞെടുപ്പിലേക്ക് വന്നത്. ഇവര്‍ പാരമ്പര്യവാദികളായ പാകിസ്താന്‍ മുസ്‍ലിം ലീഗിനെയോ അഴിമതിയുടെ നിഴലില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാന്‍ കഴിയാതെ പോയ പി.പി.പിയെയോ പിന്തുണക്കാതിരുന്നത്
സ്വാഭാവികമാണ്. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷത്തിരുന്നതിന്റെ ആനുകൂല്യവും ഇതുവരെ അധികാരത്തിന്റെ ഭാഗമാകാതിരുന്ന ബിലാവല്‍ ഭൂട്ടോയുടെ രംഗപ്രവേശവും സിന്ധില്‍ പിടിച്ചു നില്‍ക്കാന്‍ പി.പി.പിയെ സഹായിച്ചിട്ടുണ്ട്. 1971ന് ശേഷം ഇതാദ്യമായാണ് പി.പി.പിയോ പാകിസ്താന് മുസ്‍ലിംലീഗോ ഇല്ലാത്ത ഒരു ജനാധിപത്യ സര്‍ക്കാര്‍ പാകിസ്താനില്‍ അധികാരത്തിലെത്തുന്നത്. ഭൂട്ടോ കുടുംബവും നവാസ് ശെരീഫ് കുടുംബവും പങ്കിട്ടെടുത്ത പാകിസ്താന്‍ രാഷ്ട്രീയാധികാരത്തില്‍ മൂന്നാമതൊരു അവകാശി കൂടിയെത്തിയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം.

ഇമ്രാന്‍ ഖാനും ഗോള്‍ഡ്‍സ്മിത്തും 1995 ലെ വിവാഹ ദിവസം

ഒരു പക്ഷേ പി.പി.പിയെക്കാള്‍ വലിയ ആഘാതം ഏറ്റത് പാകിസ്താന്‍ മുസ്‍ലിം ലീഗിനാണ്. പാക് രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ
പഞ്ചാബിലെ സ്വാധീനമായിരുന്നു മുസ്‍ലിം ലീഗിന്റെ ശക്തി. ആ ശക്തികേന്ദ്രത്തില്‍ പാകിസ്താന്‍ തെഹ്‍രീക്കെ ഇന്‍സാഫ് വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു.

ഇമ്രാന് മുന്നിലെ വെല്ലുവിളികള്‍

ദാരിദ്ര്യത്തില്‍ നിന്നും അഴിമതിയില്‍ നിന്നും പുതിയ പാകിസ്താനിലേക്ക്
മാറാം എന്നതായിരുന്നു ഇമ്രാന്‍ ഖാന്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ പ്രധാന
വാഗ്ദാനം. കഴിഞ്ഞ പത്ത് വര്‍ഷമായി അഴിമതിക്കെതിരെ നടത്തുന്ന
പോരാട്ടം ഇമ്രാന്‍ ഖാനെ പാകിസ്താനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ആരാധനാപാത്രമാക്കി മാറ്റിയിട്ടുണ്ട്. അധികാരത്തിന്റെ ഭാഗമായിട്ടില്ലാത്തതിനാല്‍ അഴിമതിയുടെ പാപക്കറ ഇമ്രാന് മേല്‍ പുരണ്ടിട്ടില്ല. ഈ പ്രതിച്ഛായയും വോട്ടായി മാറിയിട്ടുണ്ട്. പക്ഷേ ഇനി അധികാരത്തിന്റെ ഭാഗമാകുന്നതോടെ ആ ആനുകൂല്യങ്ങളൊന്നും ഇമ്രാന് കിട്ടില്ല. പി.പി.പിയും പാകിസ്താന്‍ മുസ്‍ലിം ലീഗും പിന്തള്ളപ്പെട്ടെങ്കിലും ശക്തമായ രാഷ്ട്രീയാടിത്തറയുള്ള കക്ഷികളാണ്. അതുകൊണ്ട് തന്നെ പാര്‍ലിമെന്റിനകത്തും പുറത്തും ശക്തമായ ഒരു പ്രതിപക്ഷത്തെ ഇമ്രാന് നേരിടേണ്ടി വരും.

Full View

സൈന്യത്തിന്റെ പിന്തുണ അധികകാലം ഉണ്ടാകാനിടയില്ല. യൂണിഫോമിട്ട ഭരണാധികാരികള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്ന ഒരു പ്രധാനമന്ത്രിയാകും
ഇമ്രാനെന്ന് കരുതാനാകില്ല. അങ്ങനെ ചെയ്താല്‍ രാഷ്ട്രീയ ആത്മഹത്യയാകുമെന്നതിന് ഇമ്രാന് പാക് രാഷ്ട്രീയത്തില്‍ സമീപകാലത്ത് തന്നെ തെളിവുണ്ട്. മാത്രമല്ല പാകിസ്താനിലെ മത തീവ്രവാദ കക്ഷികളോട് കടുത്ത നിലപാട് സ്വീകരിക്കാതെ ഭരണം സുഗമമായി മുന്നോട്ടു പോകില്ല. രാജ്യത്തിനുള്ളിലും രാജ്യാതിര്‍ത്തി കടന്നും നടത്തുന്ന തീവ്രവാദ ആക്രമണങ്ങള്‍ക്ക് ആരോപണ നിഴലില്‍ നില്ക്കുന്നവരാണ് ജമാഅത്തുദഅവ അടക്കമുള്ള തീവ്രവാദ സംഘടനകള്‍. ഇവരോട് പൊതുവെ കര്‍ക്കശ നിലപാട് സ്വീകരിച്ചയാളായിരുന്നില്ല ഇമ്രാന്‍ ഖാന്‍. പക്ഷേ ഭരണാധികാരിയെന്ന നിലയില്‍ ആ നിലപാട് തുടരാനാകില്ല. അന്തര്‍ദേശീയ സമ്മര്‍ദ്ദവും ഇക്കാര്യത്തില്‍ ഇമ്രാന്‍ മാനിക്കേണ്ടി വരും. ചുരുക്കത്തില്‍ തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനും ആഭ്യന്തര രാഷ്ട്രീയത്തിനുമിടയില്‍ ഇമ്രാന്‍ ഖാന്‍ എന്ത് നിലപാടെടുക്കുമെന്നത് പ്രധാനമാണ്.

ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ശക്തമായ ഇടപെടലുണ്ടാകുമെന്നതായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അരക്കോടി വീടുകള്‍ നിര്‍മിച്ച് നല്‍കുകയും ചെയ്യുമെന്ന് തന്റെ നയാ പാകിസ്താന്‍ കാമ്പയിനില്‍ ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലില്ലാപ്പടയുടെ ആധിക്യമുള്ള ഒരു രാജ്യമെന്ന നിലയില്‍ ഈ പ്രഖ്യാപനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് പാക് ജനത കേട്ടത്. അതുകൊണ്ട് തന്നെ പൂര്‍ണമായും ജനങ്ങളെ നിരാശപ്പെടുത്താന്‍ ഇമ്രാന് കഴിയില്ല. അതേസമയം ദുര്‍ബലമായ പാക് സമ്പദ് വ്യവസ്ഥയില്‍ ഈ വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന ചോദ്യം ബാക്കിയാണ്. പ്രവാസി നിക്ഷേപം വര്‍ധിപ്പിച്ച് ജനപ്രിയ പദ്ധതികളിലേക്ക് കടക്കാമെന്നാണ് ഇമ്രാന്‍ ഖാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയടക്കം നിരവധി കാരണങ്ങളാല്‍ വിദേശ നിക്ഷേപം ക്രമാനുഗതമായി കുറയുന്നതായാണ് കണക്കുകള്‍.2016നെ അപേക്ഷിച്ച് 2017ല്‍ വിദേശ നിക്ഷേപത്തില്‍ 19.82 ശതമാനം കുറവുണ്ടായെന്നാണ് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷവും ഇത് താഴോട്ട് പോകാന്‍ തന്നെയാണ് സാധ്യത. പാകിസ്താനുള്ള സൈനിക സഹായം ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചതും സര്‍ക്കാരിന് തലവേദനയാകും. ഇത് മറികടക്കാന്‍ ചൈനയുമായി ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ചൈനീസ് നിക്ഷേപം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാകും പുതിയ സര്‍ക്കാര്‍ നടത്തുക.

അയല്‍പക്ക ബന്ധങ്ങള്‍

അന്തര്‍ ദേശീയ രാഷ്ട്രീയത്തില്‍ പൊതുവെയും ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തില്‍ സവിശേഷമായും ചില സ്വാധീനം ചെലുത്തുന്നതാണ് പാകിസ്താനിലെ രാഷ്ട്രീയമാറ്റം. അയല്പക്ക ബന്ധങ്ങളില്‍ പ്രത്യേകിച്ച്അഫ്ഗാനിസ്താനോടും ഇന്ത്യയോടും ഇമ്രാന്‍ സര്‍ക്കാരിന്റെ നിലപാടെന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണണം. ഇന്ത്യാ ബന്ധത്തില്‍ നവാസ് ശെരീഫ് സര്‍ക്കാര്‍ പുലര്‍ത്തിയ ഉദാരസമീപനമായിരിക്കില്ല ഇമ്രാന്‍ ഖാന്റെ ഭാഗത്ത് നിന്നുണ്ടാവുകയെന്ന വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ കടുത്ത ഇന്ത്യാവിരുദ്ധ പ്രസ്താവനകളാണ് ഈ വിലയിരുത്തലിന് ആധാരം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വ്യക്തമായതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത വ്യക്തമാക്കുന്ന നയതന്ത്ര ഭാഷയാണ് ഇമ്രാന്റെ ഭാഗത്ത്നിന്നുണ്ടായത്.

കശ്മീര്‍ തര്‍ക്കം മാറ്റിവെച്ച് വ്യാപാര വാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന പ്രായോഗിക നിലപാടിലേക്ക് പുതിയ സര്‍ക്കാര്‍ വരുമോ എന്ന് കണ്ടറിയണം. കാരണം പാകിസ്താന്റെ വിദേശനയം ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് മാത്രം തീരുമാനിക്കാന്‍ കഴിയുന്നതല്ല. പാക് സൈന്യവും ഐ.എസ്.ഐയും വിദേശനയ രൂപീകരണത്തില്‍ കൃത്യമായ സ്വാധീനം ചെലുത്തുന്ന ശക്തികളാണ്. ഇത്തരം ആഭ്യന്തര സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാതെ അയല്പക്ക ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയില്ല. അങ്ങനെയുള്ള ഒരു അതിസാഹസം ഇമ്രാന്‍ ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.

Tags:    

അഷ്റഫ് വാളൂര്‍ - ഡോ. അഷ്റഫ് വാളൂര്‍

contributor

Similar News