ഫലസ്തീനിയന്‍ കവയിത്രിക്ക് ഇസ്രായേല്‍ കോടതിയുടെ തടവ് ശിക്ഷ
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കവിത സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കവയിത്രിയെ അഞ്ച് മാസം തടവിന് ഇസ്രായേല്‍ കോടതി ശിക്ഷിച്ചത്
ഫലസ്തീനിയന്‍ കവയിത്രിക്ക് ഇസ്രായേല്‍ കോടതിയുടെ തടവ് ശിക്ഷ. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കവിത സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കവയിത്രിയെ അഞ്ച് മാസം തടവിന് ഇസ്രായേല്‍ കോടതി ശിക്ഷിച്ചത്. 36 കാരിയായ ഫലസ്തീനിയന്‍ കവയിത്രി ദാറീന്‍ ടാറ്റൂറിനെയാണ് നസാറത്ത് ജില്ലാ കോടതി അഞ്ച് മാസം തടവിന് ശിക്ഷിച്ചത്. മൂന്ന് മാസം വീട്ട് തടങ്കലിന് ശേഷമാണ് ദാറീന് കോടതി ഇന്നലെ തടവ് ശിക്ഷ കൂടി വിധിച്ചത്.
2015 ഒക്ടോബറിലാണ് ദാറീനെ പോലീസ് അറസ്റ്റ് ചെയ്തത്. ‘ചെറുത്ത് നില്‍ക്കൂക.. ജനങ്ങളെ ചെറുത്ത് നില്‍ക്കുക’ എന്ന പേരില്‍ സ്വയം എഴുതി അവതരിപ്പിച്ച കവിത ഫെയ്സ് ബുക്കിലും യൂടൂബിലും പോസ്ററ് ചെയ്തു എന്നതാണ് ദാറീന്‍ ചെയ്ത കുറ്റം. അവളുടെ പോസ്റ്റ് ദീവ്രവാദത്തെ പ്രചോദിപ്പിക്കുന്നതായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് അവള്‍ക്ക് വീട്ട് തടങ്കലില്‍ കഴിയേണ്ടി വന്നു. ഈ സമയമെല്ലാം കവിതകള്‍ പങ്ക് വെക്കാനും ഒപ്പം ഇന്‍റര്‍നെറ്റും അവള്‍ക്ക് നിഷേധിക്കപ്പെട്ടു.
കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ദാറീന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഒരു സര്‍ക്കാരിനെതിരെ കവിതയെഴുതുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും അദ്ധേഹം പറഞ്ഞു. തന്‍റെ കവിതകളില്‍ തീവ്രവാദത്തെ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒന്നുമില്ലെന്നും അഹിംസാധിഷ്ഠിതമായ സമരത്തിലേക്കാണ് കവിതയിലൂടെ താന്‍ ജനങ്ങളെ ക്ഷണിച്ചതെന്നും ദാറീന്‍ പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ അധികൃതര്‍ കവിതകളെ തീവ്രവാദ പ്രചരണമായാണ് കാണുന്നത്. പലസ്തീനിലെ സായുധ ഗ്രൂപ്പുകളെ കവയിത്രി പ്രചോദിപ്പിച്ചുവെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി.
ഇസ്രായേല്‍ കോടതികളില്‍ നിന്ന് താന്‍ നീതി പ്രതിക്ഷിക്കുന്നില്ല. എനിക്കെതിരെ ചുമത്തപ്പെട്ടത് രാഷ്ട്രീയമായ കേസാണ്. കാരണം
ഞാനൊരു ഫലസ്തീനിയാണ്. അഭിപ്രായം പ്രകടപ്പിക്കാനുള്ള സ്വാതന്ത്ര്യം ഞാനെടുക്കുന്നു. കോടതിക്ക് പുറത്ത് ദാറീന്‍ പറഞ്ഞു. ദാറീനെതിരായ ശിക്ഷാ വിധിക്കെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.