ട്രംപിന് തിരിച്ചടി; അഭയാര്‍ഥി കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിക്കരുതെന്ന് കോടതി ഉത്തരവ്
അഭയാര്‍ഥികളായെത്തുന്നവര്‍ക്കൊപ്പമുള്ള കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി മറ്റു കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്ന രീതിയാണ് അമേരിക്ക തുടര്‍ന്നു പോരുന്നത്.
അമേരിക്കയിലെത്തിയ അഭയാര്‍ഥികളുടെ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ ഉത്തരവ്. 2018 ജൂണ്‍ വരെയുള്ള കണക്കുകളനുസരിച്ച് ഇത്തരത്തില്‍ 2000 ത്തിലേറെ കുട്ടികളാണ് യു.എസില്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെട്ട് കഴിയുന്നത്.
അഭയാര്‍ഥികളായെത്തുന്നവര്‍ക്കൊപ്പമുള്ള കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി മറ്റു കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്ന രീതിയാണ് അമേരിക്ക തുടര്‍ന്നു പോരുന്നത്. ഈ നയത്തിന് തിരിച്ചടിയാണ് കോടതി ഉത്തരവ്. മാതാപിതാക്കളെയും കുട്ടികളെയും ഒരുമിപ്പിക്കുന്നത് പൂര്‍ണമായും സര്‍ക്കാര്‍ ഉത്തരവാദിത്തമാണെന്ന് ഫെഡറല്‍ കോടതി ജഡ്ജി ഡാനാ സാബ്രു നിരീക്ഷിച്ചു. രക്ഷിതാക്കളെ കണ്ടെത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു.
സര്‍ക്കാര്‍ സംരക്ഷണയിലുള്ള അഭയാര്‍ഥികളായ 572 കുട്ടികളില്‍ 410 കുട്ടികളുടെ രക്ഷിതാക്കള്‍ രാജ്യത്തിന് പുറത്താണെന്നാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 13 കുട്ടികളുടെ രക്ഷിതാക്കളെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ ടെക്സസിലെ പോര്‍ട്ട് ഇസബല്‍ സര്‍വീസ് പ്രൊസസിങ് സെന്റര്‍ വഴി കുട്ടികളെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കുന്നത്. എന്നാല്‍ കൃത്യമായ രേഖകളില്ലാത്ത അഭയാര്‍ഥികളുടെ കാര്യത്തില്‍ നടപടി കൂടുതല്‍ ദുഷ്കരമാകും.
രാജ്യത്ത് കുടുംബമായെത്തുന്ന അഭയാര്‍ഥികളുടെ കുട്ടികളെ മാത്രമായി പ്രത്യേക ക്യാമ്പുകളിലാണ് പാര്‍പ്പിക്കുന്നത്. ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍സാല്‍വദോര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ കുട്ടികളും. കോടതി വിധി ട്രംപിന്റെ വിവാദ കുടിയേറ്റ നയത്തിനേറ്റ തിരിച്ചടിയായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.