ആണവ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ഉത്തരകൊറിയ

ആണവ നിരായുധീകരണം നടത്താനുള്ള ശ്രമങ്ങള്‍ തങ്ങള്‍ തുടരുമ്പോള്‍ അതിനെ വിമര്‍ശിച്ചു കൊണ്ടുള്ള യുഎസ് നിലപാട് ആത്മവിശ്വാസം കെടുത്തുന്നതാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു

Update: 2018-08-06 02:23 GMT
Advertising

ആണവ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ഉത്തരകൊറിയ. ആണവ നിരായുധീകരണം നടത്താനുള്ള ശ്രമങ്ങള്‍ തങ്ങള്‍ തുടരുമ്പോള്‍ അതിനെ വിമര്‍ശിച്ചു കൊണ്ടുള്ള യുഎസ് നിലപാട് ആത്മവിശ്വാസം കെടുത്തുന്നതാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

ഉത്തര കൊറിയക്ക് മേല്‍ നയതന്ത്ര- സാമ്പത്തിക ഉപരോധം തുടരേണ്ടത് പ്രധാനമാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞിരുന്നു. ആണവ വിഷയത്തില്‍ ഉത്തരകൊറിയ യു എന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ അത് ഗൌരവമായി എടുക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. സമാധാന ചര്‍ച്ച നടത്തിയ ശേഷം കാര്യങ്ങളെല്ലാം പഴയതിലേക്കു തന്നെ മടങ്ങാനാണോ അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ഉത്തര കൊറിയ വിദേശ കാര്യമ ന്ത്രി റി യോങ് ചോദിച്ചു. സിംഗപ്പൂരില്‍ നടന്ന ആസിയാന്‍ ഫോറത്തിലായിരുന്നു റി യോങിന്റെ പ്രതികരണം.

കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയത്. സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് സന്നദ്ധമാണെന്ന് ചര്‍ച്ചക്കു ശേഷം കിം ജോങ് ഉന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

അതിനിടെയാണ് ഉത്തര കൊറിയ ഇപ്പോഴും ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നതായി യു.എന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഉത്തരകൊറിയ യമനില്‍ ഹൂതി സേനക്ക് ആയുധങ്ങള്‍ നല്‍കുന്നതായും സിറിയന്‍ സൈന്യവുമായി സഹകരിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അമേരിക്ക ഉത്തരകൊറിയക്കെതിരെ രംഗത്തെത്തിയത്.

Tags:    

Similar News