ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കയും കൊളമ്പിയയുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ്

കൊളമ്പിയന്‍ പ്രസിഡന്റിന്റെ പേരെടുത്ത് പറഞ്ഞാണ് മദുറോ ആരോപണമുന്നയിച്ചത്

Update: 2018-08-06 02:11 GMT
Advertising

ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കയും കൊളമ്പിയയുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ. കൊളമ്പിയന്‍ പ്രസിഡന്റിന്റെ പേരെടുത്ത് പറഞ്ഞാണ് മദുറോ ആരോപണമുന്നയിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നാഷണല്‍ മൂവ്മെന്റ് ഓഫ് സോള്‍ജ്യേഴ്സ് എന്ന സംഘടന രംഗത്തെത്തി.

വെനസ്വേലന്‍ സൈന്യത്തിന്റെ 81ആം വാര്‍ഷികാഘോഷ പരിപാടിയില്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ സൈന്യത്തെ അഭിസംബോധന ചെയ്യവെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. കൊളമ്പിയയും അമേരിക്കയുമാണ് ആക്രമണത്തിന് പിന്നിലെന്ന് നിക്കോളാസ് മദുറോ ആരോപിച്ചു. വെനസ്വേലയില്‍ നിന്ന് നാടുകടത്തപ്പെട്ട നിരവധി പേര്‍ താമസിക്കുന്നത് കൊളമ്പിയയിലാണ്.

അമേരിക്കയുമായും കൊളമ്പിയയുമായും ബന്ധമുള്ള തീവ്രവലതുപക്ഷ കക്ഷികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. പ്രാഥമിക അന്വേഷണത്തില്‍ കൊളമ്പിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിന് ആക്രമണത്തില്‍ പങ്കുള്ളതായി തെളിഞ്ഞുവെന്ന് മദുറോ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പിടികൂടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു കൊലപാതക ശ്രമമായിരുന്നു. എന്നെ കൊലപ്പെടുത്താനാണവര്‍ ശ്രമിച്ചത്. ആ ഡ്രോണ്‍ എനിക്ക് നേരെ വരികയായിരുന്നു. പക്ഷെ സ്നേഹം കൊണ്ടുള്ള ഒരു കവചമാണ് അതിനെ തടഞ്ഞത്. ഞാന്‍ ഇനിയും ഒരുപാട് കാലം ജീവിക്കുമെന്നെനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധികം കേട്ടുകേള്‍വിയില്ലാത്ത നാഷണല്‍ മൂവ്മെന്റ് സോള്‍ജ്യേഴ്സ് എന്ന ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നും ഗ്രൂപ്പ് സോഷ്യല്‍ മീഡിയ വഴി പറഞ്ഞു. വെനസ്വേലയിലെ എല്ലാ പ്രതിരോധ ഗ്രൂപ്പുകളേയും ഒരുമിച്ച് നിര്‍ത്താനായാണ് 2014ല്‍ നാഷ്ണല്‍ മൂവ്മെന്റ് സോള്‍ജ്യേഴ്സ് നിലവില്‍ വന്നതെന്നും സംഘടന അവകാശപ്പെടുന്നു.

Tags:    

Similar News